1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2022

സ്വന്തം ലേഖകൻ: മാഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയെ സി പി എം കേന്ദ്ര നേതൃത്വം തടഞ്ഞതില്‍ വിശദീകരണവുമായി സി പി എം കേന്ദ്ര നേതൃത്വം. മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വ്യക്തിപരമായ നേട്ടമല്ലാത്തതിനലാണ് പപരസ്‌കാരം നിരസിച്ചത്. കോവിഡ് – നിപ പ്രതിരോധം ഇടത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഗ്‌സസെയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് അവാര്‍ഡ് നിരസിക്കാന്‍ കാരണമായതെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം, മൂന്ന് കാരണങ്ങളാണ് പുരസ്‌കാരം നിഷേധിക്കാന്‍ കാരണമായത്. നിപ, കോവിഡ് പ്രതിരോധം ഒരാള്‍ മാത്രം നടത്തിയതല്ല. സര്‍ക്കാര്‍ സംവിധാനമാകെ ഇടപെട്ട് ചെയ്തതാണ്. അതുകൊണ്ട് വ്യക്തിപരമായ അവാര്‍ഡ് വാങ്ങേണ്ടതില്ല. അവാര്‍ഡ് ഫൌണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ട്. . രമണ്‍ മാഗ്‌സസെ ഫിലിപ്പീന്‍സിലും വിയറ്റ്‌നാമിലും അടക്കം കമ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണ്. അതുകൊണ്ട് അവാര്‍ഡ് വാങ്ങേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം.

ഇതേ തുടര്‍ന്ന് അവാര്‍ഡ് വാങ്ങാനുള്ള ബുദ്ധിമുട്ട് കെ.കെ ശൈലജ അവാര്‍ഡ് ഫൌണ്ടേഷനെ അറിയിക്കുകയായിരുന്നു. പുരസ്‌കാര നിര്‍ദേശം മഗ്സസെ അവാര്‍ഡ് കമ്മിറ്റിയില്‍ നിന്ന് വന്നിരുന്നെന്ന് കെ കെ ശൈലജ പറഞ്ഞു. ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊളിറ്റിക്കല്‍ ലീഡേഴ്സിന് അങ്ങനെ ഒരു അവാര്‍ഡ് കിട്ടിയിട്ടില്ല. ഞാന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി മെമ്പറാണ് സ്വാഭവികമായും അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തു. പൊളിറ്റിക്കല്‍ ലീഡറിന് ഇതുവരെ അവാര്‍ഡ് കിട്ടിയിട്ടില്ലെന്ന് ശൈലജ വ്യക്തമാക്കി.

ഇതിനിടെ, സി പി എം അനുമതി നല്‍കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ശൈലജക്ക് 2022 ലെ രമണ്‍ മഗ്‌സസെ അവാര്‍ഡ് ലഭിക്കാനുള്ള അവസരം പാര്‍ട്ടി ഇല്ലാതാക്കി എന്നായരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്യോതിബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചതിന് ശേഷം സി പി എം തങ്ങളുടെ രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ ആവര്‍ത്തിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നിവയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാഗ്‌സസെ അവാര്‍ഡ്. ഫിലിപ്പീന്‍സ് പ്രസിഡണ്ട് രമണ്‍ മാഗ്സസെയുടെ ഓര്‍മ്മയ്ക്കായുള്ള ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ ഈ സമ്മാനം ”’ഏഷ്യയിലെ നോബല്‍”’ എന്ന് അറിയപ്പെടുന്നു. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ സമ്മതത്തോടെ ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള റോക്ക്‌ഫെല്ലര്‍ ബ്രദേഴ്സ് ഫണ്ടിന്റെ ട്രസ്റ്റികളാണ് 1957 ഏപ്രിലില്‍ സമ്മാനം സ്ഥാപിച്ചത്.

ആചാര്യ വിനോബാ ഭാവേ, ജയപ്രകാശ് നാരായണ്‍, മദര്‍ തെരേസ, ബാബാ ആംതെ , അരുണ്‍ ഷൂറി , ടി.എന്‍. ശേഷന്‍, കിരണ്‍ ബേദി, മഹാശ്വേതാ ദേവി, വര്‍ഗ്ഗീസ് കുര്യന്‍, കുഴന്തൈ ഫ്രാന്‍സിസ് , ഡോ. വി. ശാന്ത, അരവിന്ദ് കെജ്രിവാള്‍, ടി.എം. കൃഷ്ണ, ഇള ഭട്ട് എന്നിവരാണ് പുസ്‌കാരം സ്വീകരിച്ച പ്രമുഖ ഇന്ത്യക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.