സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ, പേരുമാറ്റം ആരേയും പേടിച്ചിട്ടല്ലെന്ന് നിര്‍മ്മാതാവ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.കെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഭീമനായി നടന്‍ മോഹന്‍ലാല്‍ എത്തുന്ന ‘മഹാഭാരതം’ എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുക ‘രണ്ടാമൂഴം’ എന്ന പേരില്‍ തന്നെയാണെന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി വ്യക്തമാക്കി.
നേരത്തെ മഹാഭാരതം എന്ന പേരാണ് ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. അതേസമയം, ഭീഷണി കണക്കിലെടുത്തല്ല പേരു മാറ്റുന്നതെന്നും ഷെട്ടി പറഞ്ഞു. രണ്ടാമൂഴം എന്ന എം.ടിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ‘മഹാഭാരതം’ എന്ന പേര് നല്‍കാനാകില്ലെന്നും അത്തരത്തില്‍ സംഭവിച്ചാല്‍, ആ ചിത്രം തിയറ്റര്‍ കാണില്ല എന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ ഈ ഭീഷണികളൊന്നുമല്ല നിലവിലെ പേരുമാറ്റത്തിന് കാരണമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കുമെന്നും ഷെട്ടി വെളിപ്പെടുത്തി.
ഹിന്ദു ഐക്യവേദിയുടെ ഭീഷണിയെതുടര്‍ന്ന് ബിആര്‍ ഷെട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് മോദി ചിത്രത്തിനുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും ഷെട്ടി കത്തില്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോദി ഷെട്ടിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ചിത്രത്തിനുള്ള പിന്തുണ ഉറപ്പിക്കാനാവും കൂടിക്കാഴ്ച. ഇതോടെ ആയിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലുമാവും റിലീസ് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല