1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2018

സ്വന്തം ലേഖകന്‍: അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് പിടിയില്‍. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ഥിയുമായ മുഹമ്മദാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് പൊലീസ് അറിയിച്ചു.

കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്കു വിളിച്ചുവരുത്തിയതും മുഹമ്മദാണ്. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്കു വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. കേസില്‍ ഒന്നാം പ്രതിയായ മുഹമ്മദ് കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡന്റ് കൂടിയാണ്.

കേസില്‍ പ്രധാനപ്രതികളായ നാലുപേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ജില്ലക്കു പുറത്തുനിന്നാണ് മുഹമ്മദ് ഉള്‍പ്പെടെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ഇയാളെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. മുഹമ്മദ് ഉള്‍പ്പെടെ പ്രധാന പ്രതികള്‍ പിടിയിലായതോടെ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നും എന്തിനുവേണ്ടിയാണെന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ വ്യക്തമാകും. കൊലപാതക സംഘത്തില്‍ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം.

കഴിഞ്ഞദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിെന ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്. ആദില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐക്കാര്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ തീരുമാനമുണ്ടായിരുന്നതായും അതിനായി ആയുധങ്ങള്‍ കരുതിയിരുന്നുവെന്നും ആദില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.