സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. മന്ത്രിസഭാ രൂപീകരണ വേളയിൽ, മന്ത്രിതല വകുപ്പുകൾ തുല്യമായി വിഭജിക്കാമെന്ന വാഗ്ദാനവുമായി ദേവേന്ദ്ര ഫഡ്നാവിസ് ശിവസേന മേധാവി ഉദ്ദവ് താക്കറെയെ സമീപിച്ചു. നവംബർ എട്ടിന് മഹാരാഷ്ട്രയിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുകയാണ്.
രണ്ടര വർഷത്തെ മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ശിവസേനയും തയ്യാറായി എന്നാണ് സൂചന. എന്നാൽ ഇതിന് പകരമായി രണ്ട് മന്ത്രിസ്ഥാനങ്ങൾ ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ക്യാബിനറ്റ് മന്ത്രി പദവിയും ഒരു കേന്ദ്ര മന്ത്രി പദവിയുമാണ് മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങൾ. അതിന് പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് രണ്ട് സംസ്ഥാനങ്ങളിലെ ഗവർണർ പദവിയും ആവശ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ സർക്കാർ നടത്തുന്ന കോർപ്പറേഷനുകളുടെ നിയന്ത്രണത്തിൽ 50:50 വിഹിതം നൽകണമെന്നും ശിവസേന ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇരു പാർട്ടികളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇരുകക്ഷികളും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ ഇതുവരെ ഔപചാരിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ബിജെപിയുടെ ഏറ്റവും പുതിയ ഓഫറുമായി ഫഡ്‌നാവിസിന്റെ ഒരു ദൂതൻ ഉദ്ദവിന്റെ വസതി സന്ദർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫഡ്‌നാവിസുമായി കൂടിക്കാഴ്‌ച നടത്താനുള്ള സന്നദ്ധത ഉദ്ദവ് അറിയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നടന്നേക്കാം.
നവംബർ ഏഴിനകം പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് മഹാരാഷ്ട്ര ധനമന്ത്രി സുധീർ മുങ്കന്തിവാർ പറഞ്ഞിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബർ എട്ടിന് അവസാനിക്കും. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേനയുടെ മുഖപത്രം സാംന എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഇരു സഖ്യകക്ഷികൾക്കും അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 105 സീറ്റുകൾ ബിജെപി നേടി. 56 സീറ്റുകൾ നേടിയ സേനയെ സർക്കാർ രൂപീകരിക്കുന്നതിനായി ബിജെപി ക്ഷണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല