സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി. മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ 11 എംഎല്‍എമാരുമായി ഒളിവില്‍ പോയതോടെ മഹാ വികാസ് അഗാഡി സര്‍ക്കാരിന്റെ ഭാവി തുലാസിലായി. ഇവര്‍ ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലെന്നാണ് വിവരം. മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ യോഗം വിളിച്ചിട്ടുണ്ട്.
താനെയില്‍ ശിവസേനയുടെ മുഖമാണ് മുതിർന്ന നേതാവായ ഏക്നാഥ് ഷിൻഡെ. പൊതുമരാമത്ത്, നഗരവികസന മന്ത്രിയാണ്. പാർട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിൻഡെയ്ക്ക് പരാതിയുണ്ട്. ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് മന്ത്രി ഷിൻഡെയെയും എംഎൽഎമാരെയും കാണാതായത്.
നാലു സീറ്റുകളിൽ വിജയിക്കാൻ മാത്രം അംഗബലമുണ്ടായിരുന്ന ബിജെപി അഞ്ചു സീറ്റുകളിൽ വിജയിച്ചു. ആറു സീറ്റുകളിൽ വിജയിക്കാൻ ശേഷിയുണ്ടായിരുന്ന മഹാ വികാസ് അഘാഡി ആറാമത്തെ സീറ്റിൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഏതാനും ശിവസേന എംഎൽഎമാർ ബിജെപിക്ക് വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് 12ന് അടിയന്തര യോഗം വിളിച്ചു. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന മഹാ വികാസ് അഘാഡിയുടെ മുഖ്യശിൽപിയായ എൻസിപി അധ്യക്ഷൻ ശരദ് പവാർ രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനായി ഡൽഹിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല