വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അന്‍ജെം ചൗധരിയോട് മഹാത്മാ ഗാന്ധിയെയും നെല്‍സണ്‍ മണ്ഡേലയെയും ഉപമിച്ച ബിബിസി ഹോം അഫെയ്‌സ് എഡിറ്റര്‍ക്കെതിരെ സോഷ്യല്‍ മീഡിയയുടെ പ്രതിഷേധം. ബിബിസി എഡിറ്റര്‍ മാര്‍ക്ക് ഈസ്റ്റണാണ് യുകെയില്‍ ‘വെറുക്കപ്പെട്ട പ്രസംഗം നടത്തുന്നയാള്‍’ എന്ന വിശേഷം ലഭിച്ച അന്‍ജെ ചൗദരിയോട് ഗാന്ധിയെയും മണ്ഡേലയെയും ഉപമിച്ചത്. നിരോധിത ഇസ്ലാമിക് സംഘടനകളായ അല്‍ മുഹാജിറൗണ്‍, ഇസ്ലാം4 യുകെ എന്നിവയുടെ തലവനായിരുന്നു ചൗധരി.
യുകെ ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രവാദ വിരുദ്ധ ബില്ലിനെപ്പറ്റിയുള്ള പ്രത്യേക അവലോകനം നടത്തുന്നതിനിടെയാണ് ബിബിസി ലേഖകന്റെ പരാമര്‍ശം.
‘അക്രമവും വിദ്വേഷവും പരത്തുന്നവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍ ഇവിടെ പൊതുവായി സ്ഥാപിക്കപ്പെട്ട മൂല്യങ്ങളെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനുള്ള നിയമനിര്‍മ്മാണമാണ് നടക്കുന്നത്. ഞാന്‍ വ്യാഴാഴ്ച പാര്‍ലമെന്റ് സ്‌ക്വയറില്‍ നിന്നപ്പോള്‍ തീവ്രവാദത്തിന് ജയിലിലായ ഗാന്ധിയുടെ പ്രതിമ കണ്ടു. മണ്ഡേലയും തീവ്രവാദത്തിനാണ് ജയിലില്‍ കിടന്നത്. ജനങ്ങള്‍ പ്രിയപ്പെട്ടതെന്ന് കരുതുന്ന ചില മൂല്യങ്ങളെ ചോദ്യം ചെയ്യാന്‍ ചില സമയത്ത് തീവ്രവാദ കാഴ്ചപ്പാടുകള്‍ വേണമെന്നാണ് ചരിത്രം പറയുന്നത്’ ബുധനാഴ്ച്ച രാത്രി സംപേഷണം ചെയ്യുന്ന ന്യൂസ് അറ്റ് 10 പരിപാടിയില്‍ ഈസ്റ്റണ്‍ പറഞ്ഞു.
ലോകം ആദരിക്കുന്ന നേതാക്കളെ തീവ്രനിലപാടുകാരനോട് ഉപമിച്ച ഈസ്റ്റന്റെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ ഫെയ്‌സ്ബുക്കിലൂടേയും ട്വിറ്ററിലൂടെയും രംഗത്തെത്തി.
എന്നാല്‍ ചൗധരിയേയും ലോകം ആദരിക്കുന്ന നേതാക്കളേയും തമ്മില്‍ ഉപമിച്ചിട്ടില്ലെന്ന നിലപാടിലാണ് ബിബിസി നിലകൊള്ളുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല