സ്വന്തം ലേഖകന്‍: മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖാണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിപ്പടഞ്ഞത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു.
സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാനസാക്ഷി ആക്കിയതെന്നും റഫീഖ് കോടതിയെ അറിയിച്ചു. ബെംഗളൂരൂ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്നതായി പറയുന്ന കുടകില്‍ വച്ച് മഅദനിയെ കണ്ടുവെന്നായിരുന്നു റഫീഖിന്റെ നേരത്തെയുള്ള മൊഴി.
എന്നാല്‍ ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പൊലീസ് സംഘം പറയിപ്പിച്ചതാണ്. താന്‍ കോടതിയില്‍ വച്ചാണ് മഅദനിയെ ആദ്യം കാണുന്നത്. തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പിടുവിക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ ഏതാനും പേപ്പറുകളിലും ഒപ്പിട്ടുവാങ്ങി. ഇത് ഭീഷണിപ്പെടുത്തിയാണ് ചെയ്യിപ്പിച്ചത്, റഫീഖ് വിചാരണ കോടതിയെ അറിയിച്ചു.
ബെംഗളൂരൂ സ്‌ഫോടന കേസില്‍ ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം രണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല