സ്വന്തം ലേഖകന്‍: ‘ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ മെഴുകു പ്രതിമ,’ മഹേഷ് ബാബുവിനോട് സഹോദരി മഞ്ജുള. മാഡം ട്യൂസോ വാക്സ് മ്യൂസിയത്തില്‍ സ്വന്തം മെഴുകു പ്രതിമയ്ക്കൊപ്പം നില്ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് സഹോദരി മഞ്ജുള ഘട്ടമനൈനി. മഹേഷിനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്നും തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മനോഹരമായ മെഴുകു പ്രതിമയാണ് ഇതെന്നും മഞ്ജുള പറഞ്ഞു. മഹേഷ് തന്നെയാണ് മഞ്ജുളയ്ക്ക് ഈ ചിത്രം അയച്ചുകൊടുത്തത് ഇതേക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ.
മഹേഷ് ബാബു ഒരു സെല്‍ഫിയെടുക്കുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഈ ചിത്രം നീ എനിക്ക് അയച്ചു തന്നപ്പോള്‍ ഞാന്‍ കൊള്ളാമെന്ന് പറഞ്ഞു. എന്നാല്‍ ഇത് മാഡം ട്യൂസോയിലെ മെഴുകു പ്രതിമയാണെന്ന് അറിഞ്ഞപ്പോള്‍ മറ്റുള്ളവരെപ്പോലെ എനിക്കും ആശ്ചര്യം തോന്നി.
എന്നും നീ ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലത്തേക്കുള്ള മുദ്ര നീ പതിപ്പിക്കുമ്പോള്‍ ഏറ്റവും മനോഹരമായ മെഴുകു പ്രതിമയാണിതെന്ന് എനിക്ക് തോന്നുന്നു. എനിക്ക് നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. നീ എനിക്കിത് അയച്ചു തന്നിട്ട് ഒരാഴ്ചയാകുന്നു. എന്നിരുന്നാലും എനിക്കിപ്പോഴും സന്തോഷം അടക്കാനാവുന്നില്ല മഞ്ജുള പറഞ്ഞു.
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ലേഹേം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് മഞ്ജുളയെ സുപരിചിതമാണ്. ചിത്രത്തില്‍ അപര്‍ണ എന്ന കഥാപാത്രത്തെയാണ് മഞ്ജുള അവതരിപ്പിച്ചത്. അഭിനയരംഗത്ത് നിന്ന് മാറിയ മഞ്ജുള ഇപ്പോള്‍ സിനിമാ നിര്‍മാണ രംഗത്ത് സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല