സ്വന്തം ലേഖകന്‍: ‘ബാത്ത് റൂമില്‍ വച്ച് അവനെന്നെ കടന്നുപിടിച്ചപ്പോള്‍ കരണത്തു തന്നെ രണ്ടെണ്ണം പൊട്ടിച്ചു,’ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആക്രമിയെ പാഠം പഠിപ്പിച്ചത് വിവരിച്ച് നടി മഹി വിജ്. മമ്മൂട്ടിക്കൊപ്പം അപരിചിതന്‍ എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച നടി മഹി വിജാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
തന്നെ അപമാനിക്കാന്‍ ശ്രമിച്ചയാളെ നേരിട്ട വിവരം താരം തന്നെയാണ് പുറത്ത് വിട്ടത്. മൂംബൈയിലെ നൈറ്റ് ക്ലബില്‍ ഭര്‍ത്താവും നടനുമായ ജെയ് ബാനുശാലിക്കും സുഹൃത്തിനുമൊപ്പം എത്തിയപ്പോഴായിരുന്നു മഹി വിജിന് ദുരനുഭവം നേരിടേണ്ടി വന്നത്. ക്ലബ്ബിലെ ശുചിമുറിയില്‍ വച്ച് അപരിചിതനായ ഒരാള്‍ നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ ആദ്യം ഭയം തോന്നിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് താന്‍ അയാളുടെ കരണത്ത് രണ്ട് വട്ടം അടിക്കുകയായിരുന്നു എന്ന് താരം പറയുന്നു. തല്ല് കിട്ടിയിട്ടും അയാളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. താന്‍ ഒച്ച വച്ച് ആളെ കൂട്ടിയപ്പോഴേക്കും അയാള്‍ രക്ഷപ്പെടുകയും ചെയ്തു.
തക്ക സമയത്ത് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നിരുന്നെങ്കില്‍ തന്റെ സ്ഥിതി ഇതായിരിക്കില്ലെന്നും മഹി വിജ് ഓര്‍മ്മിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല