കുഴല്‍ക്കിണറിനായി നിര്‍മിച്ച 70 അടി താഴ്ചയുള്ള കുഴിയില്‍ വീണ നാലുവയസ്സുകാരിയെ രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. രണ്ട് ദിവസം മുമ്പാണ് ഹരിയാന ഗുഡ്ഗാവ് സ്വദേശി നീരജിന്റെ മകള്‍ മഹി ഉപാധ്യയായണ് കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കൂട്ടുകാരുമൊത്ത് കളിക്കവെയാണ് അപകടം.
കുട്ടിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് വരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍ക്കിണറിന് സമാന്തരമായി തുരന്ന ടണലിനു വിഘാതമായി പാറ കണ്ടതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്. പാറ ഡ്രില്‍ ചെയ്യുന്നത് അപകടമായതിനാല്‍ മറ്റു വഴികള്‍ നേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. സൈനികരടക്കം നൂറോളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
പിറന്നാള്‍ ആഘോഷത്തിനിടെ ബുധനാഴ്ച രാത്രി 11നാണ് മഹി കുഴിയില്‍ വീണത്. 50 സൈനികരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ദേശീയ സുരക്ഷാ സേനയും ദില്ലി മെട്രോറെയില്‍ കോര്‍പറേഷനില്‍നിന്നുള്ള സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
ജയറാം നായകനായ മാളൂട്ടി എന്ന മലയാള ചിത്രത്തിന്റെ കഥാഗതിയുമായി സാമ്യമുള്ളതാണ് സംഭവം. കുട്ടിയുടെ സ്ഥിതിഗതിയെന്തന്നറിയാന്‍ ക്യാമറ താഴേക്കിറക്കിയെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചില്ല. കുഴിയില്‍ വീണശേഷം രണ്ടുമണിക്കൂറോളം കുട്ടിയുടെ കരച്ചില്‍ കേട്ടെന്നും പിന്നീട് കുട്ടി പ്രതികരിച്ചില്ലെന്നും പിതാവ് നീരജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല