1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2023

സ്വന്തം ലേഖകൻ: ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എൽ ഒ) മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്.

പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരുവശത്തും സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഇരുവശത്തുമുള്ള സാധാരണക്കാരെയും തടവുകാരെയും തടവുകാരെയും മോചിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായും വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിൽ കരയുദ്ധം ആസന്നമെന്ന ആശങ്കനിലനിൽക്കേ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിനു പരിഹാരം കാണാൻ വിവിധ കോണുകളിൽനിന്ന് ശ്രമം. ഹമാസിനുമേൽ സമ്മർദംചെലുത്തണമെന്ന അഭ്യർഥനയുമായി യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ ഞായറാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു.

ഒരുമണിക്കൂറോളം നീണ്ട ചർച്ച വളരെ ഫലവത്തായിരുന്നെന്ന് ബ്ലിങ്കൻ പറഞ്ഞു. വെടിനിർത്തലിന് ഇരുപക്ഷത്തെയും പ്രേരിപ്പിക്കാനും സമാധാനചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമായി ചൈനയുടെ പ്രത്യേക ദൂതൻ ഷായി ജുൻ അടുത്തയാഴ്ച പശ്ചിമേഷ്യയിലേക്കു പോകും.

ഗാസയിൽ ഇസ്രയേൽ ചെയ്യുന്ന കാര്യങ്ങൾ സ്വയംപ്രതിരോധത്തിനും അപ്പുറമുള്ളവയാണെന്ന് ചൈന വിമർശിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെയും അഭ്യർഥന ഇസ്രയേൽ കേൾക്കണമെന്നും ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈനീസ് വിേദശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് ചൈന ഇത്ര ശക്തമായ നിലപാടെടുക്കുന്നത്.

സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും വാങ് ശനിയാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. ഗാസയിലെ സ്ഥിതി വഷളാക്കുന്നതൊന്നും ആരുംചെയ്യരുതെന്നും കഴിയുംവേഗം ചർച്ചയാരംഭിക്കണമെന്നും ഫൈസൽ രാജകുമാരനോട് വാങ് പറയുകയുണ്ടായി. അന്താരാഷ്ട്ര സമാധാനയോഗം വിളിച്ചുചേർക്കണമെന്ന് ബ്ലിങ്കനോടും അദ്ദേഹം പറഞ്ഞു.

ഗാസയിലുള്ളവർക്ക് സഹായമെത്തിക്കാൻ വെടിനിർത്തലാവശ്യപ്പെട്ടുള്ള കരടുപ്രമേയം യുഎൻ രക്ഷാസമിതി തിങ്കളാഴ്ച വോട്ടിനിടണമെന്ന് റഷ്യ ആവശ്യപ്പെട്ടു. സാധാരണമനുഷ്യർക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ തുലോം കുറച്ചുവേണം ഹമാസിനെതിരായ സൈനികനടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവേർലി ഇസ്രയേലിനോട് അഭ്യർഥിച്ചു.

ഗാസയിൽ ഇസ്രയേൽ സൈനികനടപടി കടുപ്പിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ അടിയന്തരയോഗം ചേരും. അതിനിടെ, ഇസ്രയേലിനു പിന്തുണയറിയിച്ച് യുഎസിന്റെ രണ്ടാമത്തെ യുദ്ധക്കപ്പലായ ‘യുഎസ്എസ്. ഡ്വൈറ്റ് ഐസൻഹവർ’ കിഴക്കൻ മെഡിറ്ററേനിയൻ തീരത്തേക്കു പുറപ്പെട്ടു.

ഗാസയുടെ വടക്കുള്ളവർക്ക് വീടൊഴിഞ്ഞ് തെക്കോട്ടേക്കുപോകാൻ ഇനിയും സമയം നൽകുമെന്ന് ഇസ്രയേൽസൈന്യം പറഞ്ഞു. തെക്കൻ ഗാസയിലേക്കുള്ള കുടിവെള്ളപൈപ്പുകൾ ഞായറാഴ്ച ഇസ്രയേൽ തുറന്നുകൊടുത്തതായി യുഎസ് അറിയിച്ചു. അഞ്ചുദിവസമായി ഗാസയ്ക്ക് വെള്ളവും വൈദ്യുതിയും നിഷേധിച്ച് സമ്പൂർണ ഉപരോധം തീർത്തിരിക്കുകയാണ് ഇസ്രയേൽ.

യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ രൂപവത്കരിച്ച ദേശീയസർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഞായറാഴ്ച നടന്നു. ഹമാസിനെ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.