1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2020

മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ, മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ് വെൽസ് എൻഎച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുമായി ചേർന്ന് ആഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ് – 19 കാലത്തെ സ്തുത്യർഹമായ സേവനത്തിന് എൻഎച്ച്എസിലെ ധീരരും കർമ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും ലക്ഷ്യം വയ്ക്കുന്നത്.

300ൽ പരം മലയാളികൾ ഈ ട്രസ്റ്റിലെ മെയ്ഡ്സ്റ്റോൺ, പെംബെറി ഹോസ്പിറ്റലുകളിലായി ജോലി ചെയ്യുന്നുണ്ട്. കോവിഡ് – 19 പ്രതിസന്ധി ഘട്ടത്തിൽ നിസ്വാർത്ഥമായ സേവനം വഴി ട്രസ്റ്റ് മാനേജ്‌മെന്റിന്റെയും പ്രാദേശിക സമൂഹത്തിന്റെയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കാൻ എംഎംഎ അംഗങ്ങൾ ഉൾപ്പെടെയുള്ള ഈ എൻഎച്ച്എസിലെ ജീവനക്കാർക്ക് സാധിച്ചിട്ടുണ്ട്.

MTW ചാരിറ്റിയുടെ ‘ഗോ ദി ഡിസ്റ്റൻസ്’ സംരംഭത്തിൽ എംഎംഎഎ സഹകരിക്കുവാൻ തീരുമാനിക്കുകയും മുതിർന്നവരും കുട്ടികളും ഉൾക്കൊള്ളുന്ന 50 പേർ 5 കിമീ ഓട്ടത്തിൽ പങ്കുചേർന്നു കൊണ്ട് MTW ചാരിറ്റിയുടെ യുടെ ഈ ഫണ്ട് റേസിങ്ങിന്റെ ഭാഗമാകുന്നു. ലക്ഷ്യ തുകയുടെ രണ്ടു മടങ്ങിലധികം ഇതിനോടകം സംഭരിച്ചു കഴിഞ്ഞു.ഇതിലൂടെ സമാഹരിക്കുന്ന തുക ട്രസ്റ്റിലെ ജീവനക്കാരുടെ ക്ഷേമത്തിനും മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളുടെ വികസനത്തിനുമായി ഉപയോഗിക്കും. ആഗസ്റ്റ് മാസം 27 വരെ ഈ നിധിയിലേക്ക് സംഭാവനകൾ ചെയ്യാൻ സാധിക്കുമെന്ന് എംഎംഎ റൺ ചലഞ്ച് കോ-ഓർഡിനേറ്റർ പ്രവീൺ രാമകൃഷ്ണൻ പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങളോടെയും രൂപരേഖയോടെയുമാണ് എംഎംഎഎ ഇവന്റ് മാനേജ്‌മെന്റ് കമ്മറ്റി ഈ സംരംഭം വിഭാവന ചെയ്തിരിക്കുന്നത്. പോലീസ്, പ്രാദേശികസമൂഹം എന്നിവരുടെ സഹകരണത്തോടെയും അറിവോടെയും സാമൂഹിക അകലം, ശുചിത്വ നിഷ്കർഷനം എന്നിവയുടെ പാലനത്തോടെയും ആണ് അംഗങ്ങൾ ഈ ഓട്ടത്തിൽ പങ്കെടുക്കുക. ഗവണ്മെന്റിന്റെ ഗൈഡ്ലൈൻ പ്രകാരം മിതമായ സാമൂഹിക സമ്പർക്കം സാധ്യമാക്കത്തക്ക രീതിയിൽ കുടുംബങ്ങളും വ്യക്തികളും അടങ്ങുന്ന ബബിളുകളായി വിവിധ സമയങ്ങളിലായാണ് ഈ ഉദ്യമം പൂർത്തിയാക്കുക.

ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 8 മണിക്ക് മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിന് സമീപമുള്ള ബാമിങ് ഹീത്ത് ഗ്രൗണ്ടിൽ MTW ഫണ്ട് റെയ്‌സിംഗ് ഇവെന്റ്സ് മാനേജർ ലോറ കെന്നഡി റൺ ചലഞ്ച് ഫ്ലാഗ് ഓഫ് ചെയ്ത് ഔദ്യോഗികമായി ഉൽഘാടനം ചെയ്യും. മെയ്ഡ്സ്റ്റോൺ ആൻഡ് ദി വീൽഡ്സ് എംപി ഹെലൻ ഗ്രാന്റ് എംഎംഎ അംഗങ്ങളെ പ്രശംസിക്കുകയും ഈ ഉദ്യമത്തിന് അകമഴിഞ്ഞ വിജയാശംസകൾ നേരുകയും ചെയ്തതായി പ്രസിഡന്റ് ലാലിച്ചൻ ജോസഫ്, സെക്രട്ടറി ബൈജു തങ്കച്ചൻ, ട്രഷറർ ജോസ് കുര്യൻ എന്നിവർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.