ഫുട്ബോള്‍ കളിക്കിടെ മൈന്‍ പാടത്തുവീണ പന്തെടുക്കാന്‍ ശ്രമിക്കുന്ന മാനുവലിന്‍റെയും ജൂലിയന്‍റെയും ശ്രമങ്ങള്‍ ഹൃദയഹാരിയായി ചിത്രീകരിച്ച ദി കളേഴ്സ് ഓഫ് മൗണ്ടന്‍ എന്ന കൊളംബിയന്‍ ചിത്രത്തിന് പതിനാറാമാത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ സുവര്‍ണചകോരം. ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ലോസ് സീസര്‍ അര്‍ബേലസ് മന്ത്രി കെ.ബി. ഗണേഷ്കുമാറില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള രജതചകോരം ഇറേനിയന്‍ ചിത്രമായ ഫ്ളെമിംഗോ നമ്പര്‍ 13ന്‍റെ സംവിധായകന്‍ ഹമീദ് റാസ അലിഗോലി നേടി. പ്രേക്ഷകപ്രീതിനേടിയ മികച്ച ചിത്രത്തിനുള്ള രജത ചകോരം ചിലിയന്‍ സംവിധായകന്‍ പാബ്ലോ പെരല്‍മാന്‍റെ ദി പെയ്ന്‍റിങ് ലെസണിന്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകന്‍ അബു മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങളും മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരവും നേടി.
മത്സരവിഭാഗത്തിലെ മികച്ച നവാഗതചിത്രത്തിനുള്ള അവാര്‍ഡ് സെബാസ്റ്റ്യന്‍ ഹിരിയത്ത് സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രം എ സ്റ്റോണ്‍സ് ത്രോണ്‍ എവേയ്ക്ക്. മികച്ച ഏഷ്യന്‍ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ടര്‍ക്കിഷ് ചിത്രം ഫ്യൂച്ചര്‍ ലാസ്റ്റ് ഫൊറെവര്‍ നേടി. ഒസാന്‍ ആല്‍പെറാണ് സംവിധായകന്‍. മികച്ച ഏഷ്യന്‍ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് അതിഥി റോയിയുടെ അറ്റ് ദി എന്‍ഡ് ഓഫ് ഇറ്റ് ഓളിന്.
മന്ത്രിമാരായ എം. കെ. മുനീര്‍, ഷിബു ബേബിജോണ്‍, മുഖ്യാതിഥി സുഭാഷ് ഘായ് എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, ഇടവേള ബാബു, മാക്റ്റ ചെയര്‍മാന്‍ ഹരികുമാര്‍, ശശി പരവൂര്‍, ബീന പോള്‍ വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല