സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മരണം പ്രവചിച്ചയാള്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വിജിതമുനി റൊഹാന ഡി സില്‍വയാണ് (52) അറസ്റ്റിലായത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഒമ്പതു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടു. സിരിസേന ജനുവരി 26ന് കൊല്ലപ്പെടുമെന്നാണ് ഇയാള്‍ പ്രവചിച്ചിരുന്നത്.
ഒന്നും സംഭവിച്ചില്ലെങ്കിലും ഇയാളുടെ പ്രവചനം രാജ്യത്ത് അസ്വസ്ഥത ഉണ്ടാക്കിയെന്ന മാധ്യമ വകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി 1987ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് സില്‍വ.
ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന വേളയില്‍ രാജീവ് ഗാന്ധിയെ റൈഫിള്‍ കൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിക്കുന്ന സില്‍വയുടെ ചിത്രം വളരെയധികം പ്രചരിച്ചിരുന്നു. ആ സംഭവത്തില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷം ഇയാള്‍ ജ്യോത്സ്യനാണെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ശ്രീലങ്കന്‍ പൊലീസിന്റെ മീഡിയ ഡിവിഷന്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റിന്റെ മരണം പ്രവചിച്ചു കൊണ്ട് നിരവധി വീഡിയോകളാണ് ഇയാള്‍ സാമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നത്. ഇത് ഉന്നതതലങ്ങളില്‍ ആശങ്ക സൃഷ്ടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയുടെ മാദ്ധ്യമ മന്ത്രാലയ സെക്രട്ടറി ഇയാള്‍ക്കെതിരേ അന്വേഷണം നടത്തുന്നതിന് പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല