സ്വന്തം ലേഖകന്‍: ജോര്‍ജിയയിലെ കൊടുംതണുപ്പില്‍ നിന്ന് മേജര്‍ മഹാദേവന്‍ സംസാരിക്കുന്നു. അതിശൈത്യത്തിന്റെ പിടയിലായ ജോര്‍ജിയ മേജര്‍ രവിയുടെ പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് പശ്ചാത്തലമാകുകയാണ്. മേജര്‍ മഹാദേവന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഇക്കുറി ജോര്‍ജിയയില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയെ നയിക്കും. ചിത്രത്തിന്റെ അവസാനഘട്ടാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഒരാഴ്ചത്തെ ഷെഡ്യൂളാണ് ജോര്‍ജിയയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവിടുത്തെ തണുപ്പിലെ ചിത്രീകരണരംഗങ്ങളുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതാദ്യമായാണ് ജോര്‍ജിയ ഒരു മലയാള ചിത്രത്തിന് ലൊക്കേഷനാവുന്നത്. യുഎന്‍ ദൗത്യസേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് കേണല്‍ മഹാദേവന്‍ ജോര്‍ജിയയില്‍ എത്തുന്നത്. അന്യഭാഷ സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് ജോര്‍ജിയ. പ്രേമം തെലുങ്ക് പതിപ്പിലെ മലരേ എന്ന ഗാനരംഗം ചിത്രീകരിച്ചത് ജോര്‍ജിയയില്‍ ആയിരുന്നു. അടുത്തിടെ സൂര്യയുടെ സിങ്കം 3യിലെ ഗാനരംഗവും ഇവിടെ ചിത്രീകരിക്കുകയുണ്ടായി. പിക്കറ്റ് 43 എന്ന ചിത്രത്തിന് ശേഷം മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ് ബോര്‍ഡേര്‍സില്‍ ആശ ശരത്ത് ആണ് നായിക. തമിഴ് നടി സൃഷ്ടി ഡാങ്കെ, തെലുങ്ക് താരം അല്ലു സിരിഷ് എന്നിവരാണ് മറ്റുതാരങ്ങള്‍. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും ജോര്‍ജിയന്‍ ഷെഡ്യൂളിന്റെ ഭാഗമാണ്. മാഫിയാ ശശിയാണ് സംഘട്ടന സംവിധാനം. ജോര്‍ജിയ കൂടാതെ രാജസ്ഥാന്‍, കശ്മീര്‍, പഞ്ചാബ്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല