പട്ടാള പടങ്ങളെടുത്ത് ജനത്തെ ഞെട്ടിച്ച സംവിധായകന്‍ മേജര്‍ രവി കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിന് മുകളില്‍ നിന്ന് ചാടാനൊരുങ്ങുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അധികാരികളുടെ കണ്ണുതുറിപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് മേജര്‍ ഈ സാഹസത്തിനൊരുങ്ങുന്നത്.
അണ പൊട്ടിയാലുള്ള വെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ പരിശീലിയ്ക്കുക മാത്രമാണ് മലയാളിയുടെ മുന്നിലുള്ള പോംവഴിയെന്ന് വെളിവാക്കാനും കൂടിയാണ് സംവിധായകന്‍ അപകടം പതിയിരിക്കുന്ന കൃത്യത്തിന് തുനിയുന്നത്.
മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൊതുജനത്തിന് മാതൃകയും ധൈര്യവും നല്‍കാന്‍ അടിയൊഴുക്കുള്ള കായലിലേക്ക് ചാടിയുള്ള ഷോ കൊണ്ട് കഴിയുമെന്നും അദ്ദേഹം കരുതുന്നു.
മൂന്നോ നാലോ ഡമ്മികള്‍ കായലിലേക്കിട്ട് പുറകെ ചാടി അവയെ വീണ്ടെടുക്കുക എന്നതാണ് പ്രതീകാത്മക രക്ഷപ്പെടുത്തലിലെ പ്രധാന ഐറ്റം.കായലിലേക്ക് ചാടിയ ശേഷം ഒരു കിലോമീറ്റര്‍ നീന്തുമെന്നും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കായല്‍ച്ചാട്ടത്തിന് സിനിമ മേഖലയില്‍ ഉള്ളവരുടെ തല്‍സമയ സാന്നിധ്യവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ തിയതി ഒരാഴ്ചക്കകം പൊതു ജനങ്ങളോട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിനു ഫേസ് ബുക്കില്‍ ഒട്ടേറെപ്പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല