കുളിര്‍മഞ്ഞുപോലൊരു പ്രണയചിത്രം. വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മയുടെ ജീവിതത്തിലെ ഒരേടാണ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന മകരമഞ്ഞ്. പ്രശസ്ത സിനിമറ്റൊഗ്രഫര്‍ സന്തോഷ് ശിവന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രം. നടി രാധയുടെ മകള്‍ കാര്‍ത്തിക നായരാണ് നായിക.
രവി വര്‍മ തന്‍റെ മാസ്റ്റര്‍പീസ് രചനയുടെ വഴിയിലാണ്. പുരൂരവസ് രാജാവിന്‍റെ നഷ്ടപ്രണയമാണ് വിഷയം. ഉര്‍വശിയെന്ന അപ്സരസുന്ദരിയുമായി പ്രണയത്തിലായ രാജാവ്. ചില നിബന്ധനകള്‍ മുന്നോട്ടു വച്ച ശേഷമാണ് ഉര്‍വശി, പുരൂരവ സിന്‍റെ പത്നിയാവുന്നത്. എന്നാല്‍ രാജാവ് വാക്കു തെറ്റിച്ചത് അറിഞ്ഞ ഉര്‍വശി അപ്രത്യക്ഷയാവുന്നു. തന്‍റെ പ്രണയിനിയെത്തേടി രാജാവിന്‍റെ യാത്രയാണ് പിന്നീട്. രവി വര്‍മയും തന്‍റെ ചിത്രരചനയ്ക്കിടെയാണ് മോഡലായ അഞ്ജലി ബായിയെ പ്രണയിക്കുന്നത്. ഉര്‍വശിയുടേയും പുരൂരവസിന്‍റേയും കഥയോടു സാമ്യമുണ്ട് ഇവരുടേയും പ്രണയത്തിന്.
അനുരാഗത്തിന്‍റേയും വികാരങ്ങളുടേയും കുരുക്കില്‍പ്പെടുന്നു രണ്ടുപേരും. സന്തോഷ് ശിവനും കാര്‍ത്തികയും ഇരട്ട വേഷങ്ങളില്‍ അഭിനയിക്കുന്നു മകരമഞ്ഞില്‍. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മകരമഞ്ഞ് സ്വന്തമാക്കിയിരുന്നു.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ബാല, സൈജു കുറുപ്പ്, നിത്യ മേനോന്‍, ലക്ഷ്മി ശര്‍മ, പൂര്‍ണ, മല്ലിക കപൂര്‍, ചിത്ര അയ്യര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ, തിരക്കഥ ലെനിന്‍ രാജേന്ദ്രന്‍, സിനിമറ്റൊഗ്രഫി മധു അമ്പാട്ട്, എഡിറ്റിങ് മഹേഷ് നാരായണന്‍, ഗാനങ്ങള്‍ കാവാലം നാരായണപ്പണിക്കര്‍, സംഗീതം രമേഷ് നാരായണ്‍. ശ്രീ ഗോകുലം മൂവീസ് റിലീസ് ചിത്രം തിയെറ്ററുകളിലെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല