സ്‌കൂള്‍ വരാന്തപോലും കണ്ടിട്ടില്ലാത്ത അമ്മമാര്‍ കണ്ടും കേട്ടും പഠിച്ച ശിശുപരിപാലന കഴിവുകള്‍പോലും ഡിഗ്രിയും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയും സമ്പാദിച്ചിറങ്ങുന്ന ഇന്നത്തെ അമ്മമാര്‍ക്കില്ലയത്രെ. അതിനായി ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ മുതല്‍ പഠന സിലബസ്സില്‍ ശിശുപരിപാലന പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. എന്തായാലും മക്കളെ മിടുക്കരാക്കി മാറ്റാന്‍ സഹായിക്കുന്ന കുറച്ച് കാര്യങ്ങളിതാ..
കുഞ്ഞുണ്ടാകും മുമ്പെ
കുഞ്ഞുണ്ടാകും മുമ്പുതന്നെ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. അമ്മയുടെ തൂക്കം, പൊക്കം, ആരോഗ്യശേഷി, ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്ന ആഹാരം തുടങ്ങി പല കാര്യങ്ങളും കുഞ്ഞുങ്ങളെ ബാധിക്കാറുണ്ട്. ചെറിയ അമ്മമാര്‍ വലിയ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നില്ല. അതിനാല്‍ പെണ്‍കുഞ്ഞുങ്ങളെ, നല്ല ആഹാരം നല്‍കി അവരുടെ ജനിതകപ്രകാരമുള്ള പരമാവധി വളര്‍ച്ചയുണ്ടാക്കുവാന്‍ ശ്രദ്ധിക്കുക. അടുത്ത തലമുറ നന്നാകണമെങ്കില്‍ പെണ്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു വളര്‍ത്തുക. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന റൂബല്ല എന്ന പനി വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് ഗുരുതരമായ തകരാറുണ്ടാക്കാം. അത് ഒഴിവാക്കാനായി എല്ലാ പെണ്‍കുഞ്ഞുങ്ങള്‍ക്കും 10 വയസ്സാകുമ്പോഴോ, അതിനു ശേഷമോ റൂബല്ല വാക്‌സിന്‍ നല്‍കുക.
പരിശോധനയും ഭക്ഷണവും പ്രധാനം
ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ മുതല്‍ ശരിയായ വിധത്തിലുള്ള പരിശോധനകള്‍ക്ക് വിധേയയാകേണ്ടതുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അധിക ആഹാരം അമ്മ കഴിക്കേണ്ടത് ആവശ്യമാണ്. കുഞ്ഞിന്റെ രക്താണുക്കള്‍ക്കുവേണ്ടി അയേണും പല്ലിനും എല്ലിനുംവേണ്ടി കാത്സ്യവും അമ്മ കഴിക്കണം. ടെറ്റനസ് രോഗം കുഞ്ഞിനു വരാതിരിക്കാന്‍ ടെറ്റനസ് ടോകേ്‌സായ്ഡ് കുത്തിവെപ്പെടുക്കണം. അമ്മയുടെ രക്തഗ്രൂപ്പ് നിര്‍ണയം വളരെ പ്രധാനമാണ്. പ്രസവസമയത്തെ കാര്യങ്ങളെക്കുറിച്ച് അമ്മയ്ക്ക് ഒരു ശ്രദ്ധയുണ്ടായിരിക്കുന്നത് നല്ലതാണ്. സാധാരണ പ്രസവമാകുമ്പോള്‍ അതിലൊരു ബുദ്ധിമുട്ടും ഇല്ല. കുഞ്ഞിന്റെ ഭാരം എത്രയുണ്ട്, ജനിച്ചയുടനെ കരഞ്ഞോ? കരഞ്ഞില്ലെങ്കില്‍ എന്തുചെയ്തപ്പോഴാണ് കരഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ അമ്മ അറിഞ്ഞിരിക്കുന്നത് പിന്നീട് കുഞ്ഞിന്റെ ആരോഗ്യകാര്യത്തില്‍ സഹായകരമായി വരാം.
ജനിച്ചാലുടന്‍ അരമണിക്കൂറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടണം. ജനിച്ചാലുടന്‍ കുഞ്ഞുങ്ങള്‍ വളരെ ഉണര്‍വോടെയാണ് കാണപ്പെടുന്നത്. ഒരു 30-40 മിനിറ്റ് കഴിയുമ്പോള്‍ അവര്‍ ഉറങ്ങിപ്പോകും. ആദ്യത്തെ ആ ഉണര്‍വിന്റെ അവസ്ഥയില്‍ത്തന്നെയാണെങ്കില്‍ ആരുടെയും സഹായമൊന്നുമില്ലാതെ തന്നെ അവര്‍ പാല് കുടിച്ചുകൊള്ളും. അമ്മ സിസേറിയന്‍ ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുകയാണെങ്കില്‍ ആരെങ്കിലും ഒന്ന് അടുപ്പിച്ചുകൊടുത്താല്‍മതി കുഞ്ഞ് മുല വലിച്ചുകുടിച്ചുകൊള്ളും. മുലയൂട്ടല്‍ വിജയകരമാകണമെങ്കില്‍ കുഞ്ഞിനെ ജനിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ മുലയൂട്ടിത്തുടങ്ങേണ്ടത് അത്യാവശ്യമാണ്.
കുഞ്ഞോമനയുടെ ഭക്ഷണം
ആദ്യത്തെ ആഹാരം മാത്രമല്ല ആദ്യത്തെ ആറുമാസത്തെ ആഹാരവും മുലപ്പാല്‍ തന്നെയാണ്; മുലപ്പാല്‍ മാത്രമാണ്. ആറുമാസമായിക്കഴിഞ്ഞാല്‍ കുറുക്കുകള്‍ കൊടുത്തുതുടങ്ങാം. പാലില്‍ കുറുക്കേണ്ട, വെള്ളത്തില്‍ മതി. ധാന്യങ്ങള്‍, ഏത്തക്കാപ്പൊടി മുതലായവയാകാം. കുഞ്ഞിനെ കാലില്‍ കിടത്തിയല്ല, മടിയില്‍ ഇരുത്തിയാണ് കൊടുക്കേണ്ടത്. മുലയൂട്ടുന്നതും ഇരുന്നുകൊണ്ട് മതി.
ആറുമുതല്‍ ഒമ്പതു മാസം വരെയാണ് കുറുക്കുകള്‍ നല്‍കേണ്ടത്. ഒമ്പതുമാസമാകുമ്പോള്‍ മയമുള്ള ആഹാരങ്ങള്‍ കൊടുത്തുതുടങ്ങാം. ദോശ, ഇഡ്ഡലി, അപ്പം, ചോറ് തുടങ്ങിയവ ചവയ്ക്കാന്‍ പല്ലില്ലാത്തതിനാല്‍ എല്ലാം മയപ്പെടുത്തി കൊടുക്കണം, മുലപ്പാല്‍ തുടരണം. ചോറും ദോശയുമൊക്കെ കൊടുക്കുമ്പോള്‍ കറികള്‍ കൂട്ടി കൊടുക്കണം. അല്ലെങ്കില്‍ പില്‍ക്കാലത്ത് ചോറുകഴിക്കാന്‍ മടി കാണിക്കും. എല്ലാവിധ രുചികളും ഒരു വയസ്സാകുമ്പോള്‍ പരിചയപ്പെടണം. ആഹാരത്തിനുപകരം ബിസ്‌കറ്റും കേക്കും മിക്‌സ്ചറുമൊക്കെ നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്തരുത്.
നമ്മുടെ കുട്ടികളുടെ ആഹാരരീതി പരിശോധിച്ചാല്‍ മനസ്സിലാകുന്നത് അവ മാംസ്യത്താല്‍മാത്രം സംപുഷ്ടമാണെന്നാണ്. പാല്, മുട്ട, ഇറച്ചി മാത്രമാണ് പല കുട്ടികളുടെയും ആഹാരം. ചോറും പച്ചക്കറികളും കഴിക്കുകയേ ഇല്ല. ‘ഇതിനുത്തരവാദികള്‍ അച്ഛനമ്മമാര്‍ തന്നെയാണ്. ഒരുവയസ്സിനടുപ്പിച്ചുള്ള പ്രായത്തിലാണ് അവരുടെ രുചിഭേദങ്ങളും ആഹാരത്തിനോടുള്ള അഭിരുചികളും രൂപപ്പെടുന്നത് . ആ സമയത്ത് കഴിച്ചു ശീലിക്കുന്നതെന്തോ ആ ആഹാരത്തോടായിരിക്കും അവര്‍ക്ക് വളര്‍ന്നാലും താത്പര്യം. അതുകൊണ്ട് കുഞ്ഞ് പില്‍ക്കാലത്ത് കഴിക്കേണ്ട ആഹാരം എന്താണോ അതുവേണം ഒരുവയസ്സാകുമ്പോള്‍ കഴിക്കാന്‍ നല്‍കേണ്ടത്.തന്നെ വാരിക്കഴിക്കാന്‍ കുഞ്ഞിനെ അനുവദിക്കേണ്ടതാണ്. വിശക്കുമ്പോള്‍ ആഹാരം കഴിക്കാന്‍ കുഞ്ഞിനെ അനുവദിക്കുക.രോഗപ്രതിരോധ കുത്തിവെപ്പുകള്‍ സമയത്തുതന്നെ നല്‍കണം. തീയതി തെറ്റിപ്പോയാല്‍ ഏറ്റവും അടുത്ത നാളില്‍ത്തന്നെ നല്‍കണം.
വളര്‍ച്ച
കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും ഒരു ഏകദേശരൂപം അമ്മമാര്‍ക്കുണ്ടാവേണ്ടതാണ്. ഒരു ഇന്ത്യന്‍ കുഞ്ഞിന്റെ ശരാശരി തൂക്കം 3 കിലോഗ്രാം ആണ്. ആ കുഞ്ഞിന് ഒരു വയസ്സാകുമ്പോള്‍ 9 കിഗ്രാം തൂക്കമാണ് വേണ്ടത്. പക്ഷേ, വേണ്ട തൂക്കത്തിനേക്കാള്‍ 20ശതമാനം കൂടിയാലോ കുറഞ്ഞാലോ കുഴപ്പമില്ല.ജനിക്കുമ്പോള്‍ 50 സെ.മീ നീളമുള്ള കുഞ്ഞിന് ഒരുവയസ്സാകുമ്പോള്‍ 75 സെ.മീ നീളം ഉണ്ടാകും.
ഇനി കുഞ്ഞിന്റെ ബുദ്ധിപരമായ വളര്‍ച്ച. 56-ാം ദിവസം എത്തുമ്പോഴേക്കും കുഞ്ഞ് മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങും. മൂന്നുമാസം ആകുമ്പോള്‍ അമ്മയെ തിരിച്ചറിയാന്‍ തുടങ്ങും. നാലുമാസമാകുമ്പോള്‍ തല നേരെ പിടിക്കും. 4-5 മാസത്തില്‍ കമിഴ്ന്നുവീഴും. 8-9 മാസമാകുമ്പോള്‍ ഇരിക്കും. ഒന്ന്-ഒന്നര വയസ്സാകുമ്പോള്‍ നടക്കാറാകും. അച്ഛാ, അമ്മ എന്നൊക്കെ പറയാന്‍ തുടങ്ങും. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയുടെ സ്വാഭാവികപരിണാമത്തിന് എന്തെങ്കിലും വ്യത്യാസം വന്നാല്‍മാത്രമേ മാതാപിതാക്കള്‍ ആകാംക്ഷപ്പെടേണ്ടതുള്ളൂ. ശിശുപരിപാലനത്തെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടെങ്കില്‍ അനാവശ്യ ആധിയും വെപ്രാളവും ഒഴിവാക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല