പാക്കിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി ഞായറാഴ്ച്ച തന്റെ 18ാം പിറന്നാള്‍ ആഘോഷിച്ചത് ലെബാനോനിലെ സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിച്ച്. ബുള്ളറ്റില്‍ അല്ല ബുക്കില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മലാല ലോക നേതാക്കളോട് അവിടെ ആഹ്വാനം ചെയ്തു. മലാല ഫണ്ട് എന്ന ട്രസ്റ്റിന്റെ പണം കൊണ്ടാണ് സ്‌കൂള്‍ സ്ഥാപിച്ചത്.
‘ഞാന്‍ ലെബാനോനില്‍ ആയിരിക്കാന്‍ തീരുമാനിച്ചതിന് കാരണമുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികളുടെ ശബ്ദം പുറത്തു കേള്‍ക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കുറേ നാളുകളായി ഈ ശബ്ദം അവഗണിക്കപ്പെടുകയാണ്.’ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മലാല പറഞ്ഞു. ചിത്രശലഭങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച രീതിയിലായിരുന്നു മലാല സ്ഥാപിച്ച സ്‌കൂളിന്റെ ഓഫീസ് മുറി അലങ്കരിച്ചിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശികമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്ന മലാല ഫണ്ടിന്റെ സാമ്പത്തിക പിന്തുണ കൊണ്ടാണ് ലെബാനോനിലെ സ്‌കൂള്‍ മലാല സ്ഥാപിച്ചത്. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബെക്കാ മലനിരയിലാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 14 മുതല്‍ 18 വയസ്സുവരെയുള്ള 200 ഓളം പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഈ സ്‌കൂളിലുണ്ട്.
സിറിയയില്‍നിന്ന് പാലായനം ചെയ്ത നാല് മില്യണ്‍ ആളുകളില്‍ 1.2 മില്യണ്‍ ആളുകള്‍ അഭയാര്‍ത്ഥികളായി കഴിയുന്നത് ലെബാനോനിലാണ്. അഞ്ച് ലക്ഷത്തോളം സിറിയന്‍ കുട്ടികള്‍ ലെബാനോനിലുണ്ട്. ഇവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം ലഭിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല