നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ട് പേരെ പാകിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു. പാകിസ്ഥാനില്‍നിന്ന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് പാക് കോടതി മലാലയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പത്ത് ഭീകരരെ 25 വര്‍ഷം തടവിന് ശിക്ഷിച്ചത്. എന്നാല്‍, ഈ വിധിയെ അപ്പാടെ തള്ളിക്കൊണ്ടാണ് പുതിയ വിധി. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ഇവരെ മോചിപ്പിച്ചതെന്ന് പാകിസ്ഥാനി ഹൈക്കമ്മീഷന്‍ വക്താവ് മുനീര്‍ അഹമ്മദ് അറിയിച്ചു.
രണ്ട് പേര്‍ മാത്രമാണ് സംഭവത്തില്‍ കുറ്റക്കാരെന്ന് സ്വാതിലെ ജില്ലാ പോലീസ് മേധാവി സലീം മര്‍വത് വ്യക്തമാക്കിയിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് തെഹ്‌രീഖ്ഇ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് മലാലയ്ക്ക് തലയ്ക്ക് പരുക്കേറ്റത്.
കോടതിയില്‍ നടത്തേണ്ടുന്നതിന് പകരം പട്ടാള ക്യാമ്പില്‍ രഹസ്യമായിട്ടായിരുന്നു തീവ്രവാദികളുടെ വിചാരണ നടത്തിയത്. പാകിസ്താനിലെ നിയമം അനുസരിച്ച് ഭീകരിവിരുദ്ധ വിചാരണകളുടെ വിവരങ്ങള്‍ പുറത്തു വിടാതെ സൂക്ഷിക്കാം. അതുകൊണ്ട് തന്നെ ഇതിന്റെ വിധിയോ വിധിപകര്‍പ്പോ പുറത്തു വരില്ല. പട്ടാള ക്യാമ്പില്‍ നടത്തിയ രഹസ്യ വിചാരണയുടെ സത്യസന്ധതയും സുതാര്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല