സ്വന്തം ലേഖകൻ: രാജ്യത്ത് വാർഷിക പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്‌ന് തുടക്കമായി. ഇന്നു മുതൽ 90 ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭ്യമാകും. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി), പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവ ചേർന്നാണ് ക്യാംപെയ്ൻ.
രാജ്യത്തെ എല്ലാ ജനങ്ങളും പകർച്ചപ്പനിക്കെതിരെ കുത്തിവയ്പ് എടുക്കണമെന്ന് എച്ച്എംസിയിലെ ഇൻഫെക്‌ഷ്യസ് ഡിസീസസ് വകുപ്പ് മേധാവി ഡോ.അബ്ദുൽ ലത്തീഫ് അൽഖാൽ വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് എടുത്താൽ ശരീരത്തിന് സംരക്ഷണം ലഭിക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കുമെന്നതിനാൽ കുത്തിവയ്പ് എടുക്കാൻ അധികം വൈകേണ്ടെന്നും ഡോ.അൽഖാൽ പറഞ്ഞു.
31 പിഎച്ച്‌സിസി ഹെൽത്ത് സെന്ററുകളിലുൾപ്പെടെ എച്ച്എംസിയുടെ ഒരു ക്ലിനിക്കുകൾ, അർധ സർക്കാർ-സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. രാജ്യത്തെ എല്ലാ പ്രവാസി താമസക്കാർക്കും പൗരന്മാർക്കും കുത്തിവയ്പ് സൗജന്യമാണ്. 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, ആറുമാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികൾ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ എന്നിവർ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല