സ്വന്തം ലേഖകന്‍: മലപ്പുറത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മമ്പാടിനും എടവണ്ണയ്ക്കുമിടയിലാണ് അപകടം. മമ്പാട് പൊങ്ങല്ലൂര്‍ ആലുങ്ങല്‍ മുഹമ്മദിന്റെ മകനും എടവണ്ണ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഒറിജിന്‍ ബേക്കറി ഉടമയുമായ ആലുങ്ങല്‍ അലി അക്ബര്‍ (43), സഹോദരി വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യ നസീറ (29), നസീറയുടെ മകള്‍ ദിയ (എട്ട്), മറ്റൊരു സഹോദരി ഫൗസിയയുടെയും അബ്ദുള്‍റഷീദിന്റെയും മകളും ഊര്‍ങ്ങാട്ടിരി തെഞ്ചേരി താളിയേരി അന്‍വര്‍സാദിഖിന്റെ ഭാര്യയുമായ ഷിഫ ആയിഷ (19), സഹോദരന്‍ നാസറിന്റെ ഭാര്യ ഷിഫ (23) എന്നിവരാണ് മരിച്ചത്.
പരിക്കുപറ്റിയവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. ജനവാസം കുറഞ്ഞ സ്ഥലത്താണ് അപകടമുണ്ടായത്. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദംകേട്ട് ഓടിക്കൂടിയവരാണ് പരിക്കുപറ്റിയവരെ പെട്ടെന്നുതന്നെ നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. ആസ്പത്രിയിലെത്തിയപ്പോഴേക്കും നസീറയൊഴികെ നാലുപേരും മരിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റിയ നസീറ അവിടെവെച്ചാണ് മരിച്ചത്.
എടവണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ചുകിടക്കുന്ന അലി അക്ബറിന്റെ ഭാര്യ നസ്രിനയെ കാണാനായാണ് ബന്ധുക്കളെല്ലാവരും ഒരു വാഹനത്തില്‍ പോയത്. ഇവര്‍ ആസ്പത്രിയില്‍പോയി തിരിച്ചുവരികയായിരുന്നു. മഞ്ചേരിയിലേക്കു പോകുകയായിരുന്നു സ്വകാര്യ ബസ്. ഒമ്‌നി വാന്‍ പാടെ തകര്‍ന്നു. വാനിന്റെ മുന്‍ഭാഗം പൊളിച്ചാണ് അലി അക്ബറിനെ പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന കാറിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല