സ്വന്തം ലേഖകന്‍: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പച്ചതൊട്ടു, പി.കെ. കുഞ്ഞാലിക്കുട്ടിയ്ക്ക് 1,71, 023 വോട്ടിന്റെ തിളക്കമാര്‍ന്ന ജയം, ബിജെപിയ്ക്ക് വന്‍ തിരിച്ചടി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി. ഫൈസലിനെ 1,71,023 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്.
കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥി അഞ്ചു ലക്ഷത്തിലേറെ (5,15,330) വോട്ട് നേടുകയെന്ന റെക്കോഡും കുഞ്ഞാലിക്കുട്ടി സ്വന്തമാക്കി. എന്നാല്‍ മുസ്ലീം ലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്ന ഇ. അഹമ്മദ് കഴിഞ്ഞ തവണ നേടിയ 1,94, 739 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടിയായ ജനവിധിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് 65,675 (ഏഴ് ശതമാനം) വോട്ടു മാത്രമാണ് ലഭിച്ചത്. എം.ബി. ഫൈസലിന് 3,44,307 (36.7 ശതമാനം) വോട്ട് ലഭിച്ചു.
തന്റ നിയമസഭ മണ്ഡലമായ വേങ്ങരയിലാണ് കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം (40,529). കുറവ് പെരിന്തല്‍മണ്ണ മണ്ഡലത്തിലും (8,537). മറ്റ് അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നേടി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ലെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താന്‍ യു.ഡി.എഫിന് സാധിച്ചു. ഇത് മതേതരത്വത്തിന്റെ വിജയമെന്നായിരുന്നു ഫലം പുറത്തുവന്ന ശേഷം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ വര്‍ഗീയ വോട്ടുകള്‍ സമാഹരിച്ച് നേടിയ വിജയമെന്ന് എം.ബി. ഫൈസല്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല