സ്വന്തം ലേഖകന്‍: മലപ്പുറം ഇന്ന് വോട്ട് രേഖപ്പെടുത്തും, ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 13.12 ലക്ഷം വോട്ടര്‍മാരും ഒന്‍പത് സ്ഥാനാര്‍ഥികളുമുള്ള മണ്ഡലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മത്സരരംഗത്തുള്ളത്.
യുഡിഎഫിന് വേണ്ടി മുസ്ലീംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി, എല്‍ ഡി എഫിലെ സി പി എം സ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍, എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ജെ പിയിലെ അഡ്വ എന്‍ ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ഏപ്രില്‍ 17 നാണ് വോട്ടെണ്ണല്‍. മുസ്!ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അന്തിമതീരുമാനം ജനങ്ങളുടേതാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ.ഹംസ പ്രതികരിച്ചു. പഴുതടച്ച പ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലും പ്രതികരിച്ചു.
13,12,693 വോട്ടര്‍മാരില്‍ 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അര്‍ഹരായുള്ളവര്‍. ഇവരില്‍ 1478 പേര്‍ സര്‍വീസ് വോട്ടര്‍മാരും 955 പുരുഷന്മാരും 51 സ്ത്രീകളുമടക്കം 1006 പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. വോട്ടര്‍മാര്‍ക്കായി ആകെ 1175 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 670 സ്ഥലങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.
1175 പ്രിസൈഡിങ് ഓഫീസര്‍മാരും 3525 പോളിങ് ഉദ്യോഗസ്ഥരും അടക്കം ആകെ 4700ലധികം പേര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്നു. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് റിസര്‍വ്വ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇത് കൂടാതെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവിയോടെ 111 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വന്‍ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു പൊതുനിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 49 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. 49 ക്രിട്ടിക്കല്‍ ബൂത്തുകളും 31 പൊളിറ്റിക്കലി സെന്‍സിറ്റീവ് ബൂത്തുകളുമാണ് മണ്ഡലത്തിലുള്ളത്. പൊളിറ്റിക്കലി സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടെടുപ്പ് വീഡിയോ കാമറയില്‍ പകര്‍ത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല