സ്വന്തം ലേഖകന്‍: മലപ്പുറത്ത് 15 കാരിയുടെ ഒരൊറ്റ ഫോണ്‍കാളില്‍ മുടങ്ങിയത് 10 ബാലവിവാഹങ്ങള്‍. സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ധീരമായ ഇടപെടലാണ് ഈ സ്കൂള്‍ അവധിക്ക് നടത്താനിരുന്ന പത്തോളം ശൈശവ വിവാഹങ്ങള്‍ മുടക്കിയത്. മലപ്പുറം കരവാര്‍കുണ്ടിലാണ് സംഭവം. വീട്ടുകാര്‍ വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ച് വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും എന്നാല്‍ തനിക്ക് പഠിക്കണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നമ്പരില്‍ വിളിച്ചത്. വിവാഹം നടന്നാല്‍ താന്‍ ജീവനൊടുക്കുമെന്നും പെണ്‍കുട്ടി പറഞ്ഞതായി ചൈല്‍ഡ് ലൈന്‍ മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ പരാതി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കരുവാരക്കുണ്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലയില്‍ പത്ത് ശൈശവ വിവാഹങ്ങള്‍ കൂടി നിശ്ചയിച്ചിട്ടുണെന്ന് കണ്ടെത്തി. ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. പത്ത് വിവാഹങ്ങളും മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളുടേതായിരുന്നു. 15 നും 16 നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് വീട്ടുകാര്‍ വിവാഹം കഴിച്ച് അയക്കാനിരുന്നത്. എന്നാല്‍ ഫോണ്‍ ചെയ്ത പെണ്‍കുട്ടി ഇതിന് എതിര് അഭിപ്രായം പറഞ്ഞെങ്കിലും കുടുംബങ്ങള്‍ ചെവികൊണ്ടില്ല.
നിയമം അറിയാത്തതിന്റെ പ്രശ്നമല്ല. ഈ വിവാഹങ്ങള്‍ തടയുന്നതിനായി കയറിയിറങ്ങിയ വീടുകളില്‍ ഉള്ളവര്‍ക്കെല്ലാം നിയമത്തെക്കുറിച്ച് അറിയാം എന്നാല്‍ മറ്റുചില ഘടകങ്ങളാണ് ഇത്തരത്തില്‍ ശൈശവ വിവാഹത്തിന് വീട്ടുകാരെ പ്രേരിപ്പിക്കുന്നത് എന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കുന്നത്.
പ്രധാനമായും 10 ക്ലാസിലും, 11 ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ഇത്തരം ബാലവിവാഹങ്ങളുടെ ഇരയാകുന്നത് എന്ന് പറയുന്ന ചൈല്‍ഡ് ലൈന്‍. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇത് വര്‍ദ്ധിക്കുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ എല്ലാം അനുഭവം എന്നും പറയുന്നു. അതിനാല്‍ തന്നെ ഈ മാസങ്ങളില്‍ എല്ലാം ചൈല്‍ഡ് ലൈന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്.
ഇത്തരത്തില്‍ ഒരു കോള്‍ പെണ്‍കുട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ഇത്രയും വിവാഹങ്ങള്‍ തടയാന്‍ സാധിച്ചത്. ഈ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടുത്ത ദിവസം കൗണ്‍സിലിംഗ് നല്‍കും എന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയും ഉറപ്പുനല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല