1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയില്‍ കഴിയുന്നത്. സാമ്പിള്‍ അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനി ഉണ്ടായിരുന്നു. ഒപ്പം, ചിക്കൻപോക്സിന് സമാനമായ രീതിയിൽ കൈയിൽ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടർന്ന് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

വിദേശത്തുനിന്ന് എത്തിയ യുവാവ് സംശയം കാരണം വീട്ടില്‍തന്നെ പ്രത്യേക മുറിയിലാണ് കഴിഞ്ഞിരുന്നതെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ശൗചാലയമാണ് ഉപയോഗിച്ചിരുന്നത്. യുവാവ് സ്വയം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പരിശോധനാഫലം വന്നാല്‍ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കും. കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നിപ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൂടിക്കാഴ്ചയ്ക്ക് നേരത്തെതന്നെ അനുമതി തേടിയതാണെന്നും അവര്‍ വ്യക്തമാക്കി.

ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് മരിച്ച 24 -കാരന് നിപ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരാണ് ഉൾപ്പെടുന്നത്. ഇവർക്ക് പ്രതിരോധമരുന്ന് നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.