സ്വന്തം ലേഖകന്‍: മലപ്പുറം പാസ്‌പോര്‍ട്ട് കൈക്കൂലി കേസ്, വ്യാജരേഖ കാണിച്ച് പാസ്‌പോര്‍ട്ട് എടുത്തതും പരിശോധിക്കുമെന്ന് സിബിഐ. കൈക്കൂലി കേസില്‍ അറസ്റ്റിലായ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണന്റെ അഴിമതി അന്വേഷിക്കുന്നതിനോടൊപ്പം വ്യാജരേഖകള്‍ ഹാജരാക്കി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതും സി.ബി.ഐ അന്വേഷിക്കും.
ചില ഏജന്റുമാര്‍ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനു കീഴില്‍ വ്യാജരേഖയുണ്ടാക്കി നല്‍കി പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇത്തരത്തില്‍ വ്യാജരേഖ ചമച്ചു അപേക്ഷകള്‍ ലഭിച്ചിരുന്നുവെന്നാണ് സൂചന.
ഇത്തരം അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. പാസ്‌പോര്‍ട്ട് ഓഫീസിലെ ചില ജീവനക്കാരും ട്രാവല്‍ഏജന്റുമാരും ചേര്‍ന്നുള്ള സംഘമാണു ഇതിനു നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പി.രാമകൃഷ്ണന്‍ പാസ്‌പോര്‍ട്ട് ഓഫീസറായി ചുമതലയേറ്റെടുത്ത് ആറുമാസം പിന്നിട്ടപ്പോഴേക്കും ഇത്തരം തട്ടിപ്പുകാര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ പ്രത്യേക അധികാരം ഉപയോഗിച്ചു പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കാന്‍ തുടങ്ങി.
ഇതോടെ നേരത്തെ കമ്മീഷന്‍ ലഭിച്ചിരുന്ന പാസ്‌പോര്‍ട്ട് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കു അമര്‍ഷമുണ്ടായിരുന്നുവെന്നും പാസ്‌പോര്‍ട്ട് ഓഫീസറുടെ അനധികൃത ഇടപാടുകള്‍ പുറത്തുകൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചതായും സൂചനയുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷക്കൊപ്പം വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍കാര്‍ഡ്, ഐഡന്റികാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊന്നു ഹാജരാക്കണം.
ഇതിനുപുറമെ പേര്, ജനനം, അച്ഛന്‍, അമ്മ തുടങ്ങിയവയുടെ വിവരങ്ങള്‍ക്കായി എസ്.എസ്.എല്‍.സി ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഒന്ന് ഹാജരാക്കണം. മറ്റുള്ളവയില്ലെന്നു പറഞ്ഞു ഏതെങ്കിലുമൊന്നു ഹാജരാക്കിയാലും മതിയാകും. ഇതിനാല്‍ പാസ്‌പോര്‍ട്ടിനായി ഒരാള്‍ക്കു രണ്ടോ, മൂന്നോ വ്യാജരേഖകള്‍ ഉണ്ടാക്കിയാല്‍ കാര്യം സാധിക്കാം.
അപേക്ഷകന്റെ നിലവിലെ വിലാസം തെളിയിക്കാനായി ആധാര്‍കാര്‍ഡിന്റെ വ്യാജരേഖയാണു കൂടുതലായും ഏജന്റുമാര്‍ക്കു ഉണ്ടാക്കി നല്‍കിയിരുന്നത്. ആധാര്‍കാര്‍ഡ് വ്യാജമായുണ്ടാക്കാന്‍ വേഗത്തില്‍ കഴിയുമെന്നും ഇവ വേഗത്തില്‍ പിടിക്കപ്പെടാന്‍ കഴിയില്ലെന്നും പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല