ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ പ്രേമത്തിലെ മലരേ എന്ന ഗാനം യൂട്യൂബ് പിന്‍വലിച്ചു. മറ്റൊരു മ്യൂസിക് കമ്പനിക്ക് പകര്‍പ്പ് അവകാശമുള്ള ഗാനത്തിന്റെ വീഡിയോ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് അപ്ലോഡ് ചെയ്തതിനെ തുടര്‍ന്നാണ് യൂട്യൂബ് വീഡിയോ നീക്കം ചെയ്തത്.
ശനിയാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് മലരേ സോങ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ ആയപ്പോഴേക്കും അഞ്ച് ലക്ഷത്തില്‍ അധികം വ്യൂ ലഭിച്ച വീഡിയോയാണ് യൂട്യൂബ് കോപ്പിറൈറ്റ് ക്ലെയിമുകളെ തുടര്‍ന്ന് നീക്കം ചെയ്തത്. എന്നാല്‍, ഇത് സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോ, നിര്മ്മാതാവായ അന്‍വര്‍ റഷീദോ, നായകനായ നിവിന്‍ പോളിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചിത്രം റിലീസ് ചെയ്ത ആഴ്ച്ചകള്‍ പിന്നിട്ട ശേഷമാണ് മലരേ.. എന്ന ഗാനത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ചിത്രത്തിനൊപ്പം തന്നെ മലരേ എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതേസമയം, മറ്റ് സ്വകാര്യഐഡികളില്‍ നിന്ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോഴും യുട്യൂബില്‍ ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല