സ്വന്തം ലേഖകന്‍: മലാല യൂസഫ്‌സായി ഇനി സ്‌കൂള്‍ കുട്ടിയല്ല! നോബേല്‍ ജേതാവ് ഉപരിപഠനത്തിനായി ഓക്‌സ്ഫഡ് സര്‍വകലാശാലയിലേക്ക്. നൊബേല്‍ സമ്മാനജേതാവും പാകിസ്താന്‍ ആക്ടിവിസ്റ്റുമായ മലാല യൂസുഫ്‌സായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്നു തന്നെ സമൂഹമാധ്യമമായ ട്വിറ്ററില്‍ മലാലയുടെ അരങ്ങേറ്റവും ആരാധകര്‍ ആഘോഷമാക്കി.
ആറു ഭാഗങ്ങളിലായി വന്ന ആദ്യ ട്വീറ്റുകളില്‍ ഭാവിയെ ആവേശത്തോടെയാണ് കാണുന്നതെന്ന് മലാല കുറിച്ചു. ആദ്യ ട്വീറ്റിന് 1,30,000ത്തി ലധികം ലൈക്കുകളാണ് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. എന്നാല്‍, വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാകാത്ത നിരവധി പെണ്‍കുട്ടികള്‍ ഇന്നും ഉള്ളതിനാല്‍ ഒരേ സമയം കയ്പും മധുരവും നുണയുന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നും മലാല വ്യക്തമാക്കി.
2012 ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രചാരണം നടത്തുന്നതിനിടെ ഭീകരാക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് മലാല ശ്രദ്ധ നേടിയത്. 2013 മുതല്‍ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ എഗ്ബസ്റ്റന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് മലാല. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പി.പി.ഇ (ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്) ബിരുദ കോഴ്‌സിനാണ് മലാല ഈ വര്‍ഷം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല