1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2016

സ്വന്തം ലേഖകന്‍: നോട്ട് അസാധുവാക്കല്‍, സാധാരണക്കാരുടെ ദുരിതം വിഷയമാക്കുന്ന മലയാളി വീട്ടമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. കള്ളപ്പണക്കാരെ പിടിക്കാന്‍ പോകുന്നതിന് ഞാനും എന്റെ മക്കളും എന്തിനാണ് ഞങ്ങളുടെ ഇഷ്ടങ്ങള്‍ വേണ്ടന്ന് വയ്ക്കുന്നതെന്നാണ് ബിബി ഏലിയാസ് എന്ന വീട്ടമ്മയുടെ ചോദ്യം. എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്. അതിനിടയില്‍ എന്തിനാണാവോ വെറുതെ ഈ പാറ്റകാഷ്ടങ്ങള്‍ എന്ന തലക്കെട്ടിലാണ് വീട്ടമ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നോട്ട് നിരോധനം ഒരു മാസം പിന്നിടുമ്പോള്‍ ജനങ്ങള്‍ നേരിടുന്ന ദുരിതം പങ്കുവക്കുന്ന പോസ്റ്റ് ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ?ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

എള്ള് ഉണങ്ങുന്നത് എണ്ണക്ക്, അതിനിടയില്‍ എന്തിനാണാവോ വെറുതെ ഈ പാറ്റാ കാഷ്ട്ങ്ങള്‍?

നോട്ട് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരു മാസമായി പോസ്റ്റുകളുടെ ബഹളം ആണ്. ഇന്ന് വരെ ഞാന്‍ അതിനെ കുറിച്ച് ഒരു പോസ്റ്റുപോലും ഇട്ടിട്ടില്ല. കാരണം ആവേശം മൂത്ത് എന്തേലും ഒക്കെ എഴുതിയാല്‍ വിവരം ഉള്ളവര്‍ വന്നു വല്ലതും പറഞ്ഞാല്‍ അതിനു കൊടുക്കാന്‍ ഉള്ള മറുപടി എന്റെ കയ്യില്‍ ഇല്ല.

പ്രീഡിഗ്രി അത്ര മോശം ഡിഗ്രി അല്ലങ്കിലും ഞാന്‍ ഒരു ‘തോറ്റ പ്രീ ‘ആണേ, കയ്യിലാണേല്‍ ഇഷ്ട്ടം പോലെ വിവരക്കേടും. വെറുതെ എന്തിനാ പുലിവാല് പിടിക്കുന്നെ എന്നോര്‍ത്ത പോസ്റ്റ് ഒന്നും ഇടാഞ്ഞതും. പക്ഷെ, ഇന്ന് ഞാന്‍ ഒരു പോസ്റ്റ് വായിച്ചു. മ്മടെ പോളച്ചന്‍ ആന്റണിയുടെ .. പോസ്റ്റ് ഇതായിരുന്നു,

‘ബാങ്കില്‍ വണ്ടി ചെക്ക് കൊടുക്കുന്നവന് ജയിലെങ്കില്‍, ബാങ്കിലിട്ട സ്വന്തം പണത്തിനായ് വരി നിന്ന് ചെക്കെഴുതി ഒപ്പിട്ട് ബാങ്കില്‍ കൊടുക്കുമ്പോള്‍ പണമില്ലെന്ന് പറയുന്ന ബാങ്ക് ജീവനക്കാര്‍ക്കും, മുകളിലോട്ട് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വരെയുള്ളവര്‍ക്കും എന്ത് ശിക്ഷ?’

ന്യായമായ ചോദ്യം, ഈ പോസ്റ്റിനു രാജീവ് മേനോന്‍ ഇട്ട മറുപടി ദേ ദിതാണ്,

‘ചെക്ക് എഴുതി ബാങ്കില്‍ കൊടുത്ത് നോക്കൂ, ഒരാഴ്ച ഇരുപത്തിനാലായിരം തികച്ചും കിട്ടും. അതില്‍ കൂടുതല്‍ വേണോ ഒരു ശരാശരി മലയാളിക്ക് ഒരാഴ്ച കടന്നു പോകാന്‍, എല്ലാ എ ടി എം കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകള്‍ ആയി ഉപയോഗിക്കാം, പത്തു ലക്ഷം ബാങ്കില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അത്രയും തുകയ്ക്ക് തുല്യമായി എ ടി എം കാര്‍ഡുകള്‍ എവിടെ വേണമെങ്കിലും ഉപയോഗിക്കാം, ഒരു എക്‌സ്ട്രാ ചാര്‍ജും കൊടുക്കേണ്ടതില്ല, ഇവിടെ ഈ കറന്‍സി നിരോധനത്തെ എതിര്‍ക്കുന്നവര്‍ ശരിക്കു പറയേണ്ടത്, ഞങ്ങള്‍ക്ക് മോദിയുടെ മുഖം ഇഷ്ടമല്ല, അതുകൊണ്ടു ഈ തീരുമാനത്തെ എതിര്‍ക്കുന്നു എന്നാണ്, നട്ടെല്ല് നീര്‍ത്തിപ്പിടിച്ചു സത്യം പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അങ്ങനെ വിളിച്ചു പറയട്ടെ.’

ചോദ്യം ഇട്ടവനും മറുപടി പറഞ്ഞവനും അവരുടെതായ ന്യായങ്ങള്‍ ഉണ്ടായിരിക്കും അതവിടെ നില്‍ക്കട്ടെ, എനിക്ക് പറയാന്‍ ഉള്ളത് ചോദിക്കാനും പറയാനും ഇല്ലാത്ത വേറെ കുറച്ച് ആളുകളുടെ ന്യായങ്ങള്‍ ആണ് ..നിങ്ങള്‍ അവരെ’ അന്ന ദാതാക്കള്‍’ എന്ന് വിളിക്കും .പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കര്‍ഷകര്‍ ..

ആര്‍ക്ക്ബാധ കേറിയാലും കോഴിക്ക് കിടക്ക പൊറുതി ഇല്ല എന്ന് പറഞ്ഞ പോലെയാ കൃഷിക്കാരുടെ കാര്യം . മഴ കൂടിയാലും ,വേനല്‍ കടുത്താലും ,ഇലക്ഷന്‍ അടുത്താലും ബാധിക്കുന്നത് അവരെ മാത്രം ആണ് ..സ്ഥിര വരുമാനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല ..അവര്‍ക്കെന്താ മാസാമാസം ശമ്പളം ബാങ്കില്‍ വരുന്നു എടുക്കുന്നു ചിലവാക്കുന്നു ..കമ്പനി നഷ്ട്ടത്തില്‍ ആയാലും ലാഭത്തില്‍ ആയാലും അവര്‍ക്ക് പതിവുള്ളത് കിട്ടുന്നു ..

ഈ നോട്ട് നിരോധനം കര്‍ഷകനെ എങ്ങനെ ബാധിച്ചു എന്ന് എന്റെ അനുഭവത്തിലൂടെ ഞാന്‍ വ്യക്തമാക്കി തരാം . ന്റെ കെട്ട്യോന് ജോലിയുണ്ടെങ്കിലും പാരമ്പര്യമായി അവര്‍ കൃഷിക്കാര്‍ ആണ് ..കെട്ടിയെടുത്തു കൊണ്ട് വന്ന എനിക്ക് കൃഷി ഒരു താല്‍പ്പര്യവുമില്ല .. ഇവിടെ കൃഷി ചെയ്തുണ്ടാക്കുന്ന എല്ലാ സാധന ങ്ങളും വിറ്റ് കാശെടുക്കുന്നതില്‍ അവസാനിക്കുന്നു ഞാനും കൃഷിയുമായുള്ള ബന്ധം .

ജാതിക്ക ,റബ്ബര്‍ ,അടക്ക കുരുമുളക് ..വാഴക്കുല . തേങ്ങ .തുടങ്ങി ഓരോ സീസനനുസരിച്ചും ഉണ്ടാകുന്ന വിളകള്‍ സാമാന്യം നല്ല രീതിയില്‍ തന്നെ ഉണ്ടാകുന്നുണ്ട് .അത് കൊണ്ട് തന്നെ അഞ്ചുപെരടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിന് സാമാന്യം നന്നായി തന്നെ ജീവിക്കാന്‍ ഉള്ള വരുമാനം പറമ്പില്‍ നിന്നും കിട്ടും ..

മൊത്തം വിറ്റ് കാശെടുക്കുന്നതും വീട്ടുകാര്യങ്ങള്‍ നടത്തുന്നതും ഞാന്‍ ആണ് .ആയിരം കിട്ടിയാലും ലക്ഷം കിട്ടിയാലും ..കിട്ടിയ കാശെന്തുചെയ്തു എന്ന് ചേട്ടനോ അപ്പച്ചനോ എന്നോട് ചോദിക്കാറും ഇല്ല ..മിടുക്കുള്ള സ്ത്രീ ആണേല്‍ അത്യാവശ്യം സമ്പാദിക്കാനും പറ്റും .പക്ഷെ . കാശ് തീര്‍ക്കുന്നതില്‍ ആണ് ഞാന്‍ മിടുക്ക് കാണിക്കുന്നത് .

ചേട്ടന്റെ ശമ്പളം ..L I C,, ചിട്ടികള്‍ ..ലോണ്‍ തുടങ്ങി അങ്ങനെ കുറെ ഏറെ നൂലാമാലകളില്‍ തീരും ഇടയ്ക്കു ഞാനും കയ്യിട്ടു വാരും.
‘എന്തിനാടീ ഇതീന്ന് കയ്യിട്ടു വാരുന്നത് ‘എന്ന് ചോദിച്ചാല്‍
‘എനിക്ക് നിങ്ങടെ പോക്കറ്റില്‍ നിന്നല്ലാതെ അപ്പ്രത്തെ സാബൂന്റെ പോക്കറ്റീന്നു എടുക്കാന്‍ പറ്റുവോ .. ഇഷ്ട്ടായില്ലേല്‍ കൊണ്ടേ കേസ് കൊട് ബാക്കി നമ്മുക്ക് കോടതീല്‍ കാണാം’ എന്നാണ് എന്റെ മറുപടി.

അങ്ങനെ കുഴപ്പങ്ങള്‍ ഇല്ലാതെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആണ് നോട്ട് പ്രശ്‌നം വരുന്നത്. അത്യാവശ്യം ചില്ലറകള്‍ കയ്യില്‍ ഉണ്ടായിരുന്നത് കൊണ്ടും ‘കള്ളപ്പണം’ ഒന്നും സൂക്ഷിച്ചു വെച്ചിട്ടില്ലായിരുന്നത് കൊണ്ടും രണ്ടു ദിവസം ഞാന്‍ ബാങ്കിലെ ക്യു വിന്റെ നീളം ഒക്കെ ടി വിയില്‍ കണ്ടു ആസ്വദിച്ചു വീട്ടില്‍ ഇരുന്നു .

മൂന്നാം ദിവസം കുറച്ചു ജാതിക്കയും ആയി ഞാന്‍ മലഞ്ചരക്ക് കടയില്‍ ചെന്നു അത് വിറ്റ് മീന്‍ വാങ്ങണം അരി വാങ്ങണം ഇതൊക്കെയാണ് ലക്ഷ്യം. .എന്നെ കണ്ടതെ കടക്കാരന്‍ രാജു പറഞ്ഞു ‘എന്റെ പൊന്നു ചേച്ചീ ഒന്നും എടുക്കുന്നില്ല ..വീട്ടില്‍ വെറുതെ ഇരിക്കണ്ടാ എന്ന് കരുതി കട തുറന്നതാ .. കാശ് തരാന്‍ ഇല്ല .

ആ നിമിഷം ഞാന്‍ അറിഞ്ഞു ‘നോട്ട് നിരോധനത്തില്‍ ഞാനും ഒരു ഇരയായി ‘എന്ന് . ഞാന്‍ ബാഗില്‍ നോക്കി എന്റെകയ്യില്‍ ആകെ ഉള്ളത് ഒരു പഴയ അഞ്ഞൂറും രണ്ടു നൂറു രൂപ നോട്ടും ..ഞാന്‍ അരി വാങ്ങുന്ന കടയില്‍ ചെന്ന് അരി വാങ്ങി അഞ്ഞൂറ് രൂപ കൊടുത്തപ്പോള്‍ അയാള്‍ പറഞ്ഞു ‘നീ അരി കൊണ്ടോക്കോ ..കാശ് പിന്നെ തന്നാല്‍ മതി അഞ്ഞൂറ് എടുക്കുന്നില്ല ..അങ്ങനെ കടം വാങ്ങിയ അരിയുമായി ഞാന്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയി .

സാധാരണ നെയ്മീന്‍ ആകോലി കൊഞ്ച് സെക്ഷനിലെക്കെ ഞാന്‍ പോകാറുള്ളൂ ..ഇന്ന് ആകപ്പാടെ എന്റെ കയ്യില്‍ ഉള്ളത് ഇരുന്നൂറു രൂപയാണ് എന്ന തിരിച്ചറിവോടെ ഞാന്‍ പൊടി മീനും ചാളയും വില്‍ക്കുന്ന അരയത്തിമാരുടെ അടുത്തേക്ക് ചെന്നു.

കിട്ടിയ അവസരം പാഴാക്കാതെ അവര്‍ എനിക്കിട്ടൊരു കുത്ത്
‘ഓ ! ഞങ്ങളെയൊന്നും കണ്ണില്‍ പിടിക്കാത്ത ആളെന്താ ഇപ്പൊ ഇവിടെ ‘?
വല്യ മീന്‍കാരന്‍ എന്നെ വിളിച്ചു ‘ചേച്ചീ ഇങ്ങു വന്നെ നല്ല മീന്‍ ഉണ്ടട്ടോ’
വേണ്ടാ എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഒരു കിലോ ചാളയും വാങ്ങി ഞാന്‍ വീട്ടിലേക്ക് ..

നമ്മള്‍ വില്‍ക്കാന്‍ കൊണ്ട് പോയത് ആര്‍ക്കും വേണ്ട എന്ന തിരിച്ചറിവ് ഒരു നിമിഷം കൊണ്ട് എന്നെ പിശുക്കി ആക്കി .പല കടകളിലും കയറി നടക്കുന്ന ഞാന്‍ അന്ന് എങ്ങും നോക്കാതെ ഓടി വീട്ടിലേക്ക് പോന്നു ..മിനിമം ആയിരം രൂപയില്‍ കൂടുതല്‍ ഒറ്റ പോക്കില്‍ ചിലവാക്കുന്നയാള്‍ പിശുക്കി ആയപ്പോള്‍ അതിന്റെ നഷ്ട്ടം ഞാന്‍ കയറുന്ന കടക്കാര്‍ക്ക് ആണ് ..(നോട്ട് ദി പോയിന്റ് )

ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ രണ്ടര ക്വിന്റല്‍ ഉണക്ക അടക്ക പൊളിച്ചത് ഇരിപ്പുണ്ട് ..പക്ഷെ കടയില്‍ എടുക്കുന്നില്ല ..അവര്‍ പറയുന്നത് ടാക്‌സ് ന്റെ പ്രശ്‌നം ഉള്ളത് കൊണ്ട് വല്യ കച്ചോടക്കാര്‍ വാങ്ങുന്നില്ല ..
ഇന്നോരാള്‍ പറഞ്ഞു കിലോ എണ്‍പത് രൂപയ്ക്ക് എടുക്കാം എന്ന് ..കിലോ ഇരുന്നൂറു രൂപ ഉണ്ടായിരുന്ന അടക്ക ..അത് പൊളിച്ചതിന് കൊടുത്തത് ആറായിരം രൂപ കൂലി …അന്‍പതിനായിരം രൂപ വില കിട്ടുമായിരുന്ന സാധനം … ഇപ്പോള്‍ കൊടുത്താല്‍ വെറും ഇരുപതിനായിരം രൂപ കിട്ടും അതില്‍ ആറായിരം രൂപ പൊളിച്ച കൂലിയും കഴിഞ്ഞാല്‍ ..കൃഷിക്കാരന് എന്ത് കിട്ടും ..? വെറും പതിനാലായിരം രൂപ. ആണ്ടോടാണ്ട് വെള്ളം നനച്ചും വളമിട്ടും പണിക്കാര്‍ക്ക്കൂലി കൊടുത്തതും ‘ഗുദാ ഹവാ ‘ .
.
എന്തിനാ വെറുതെ കൂലിയില്ലാത്ത വേല ചെയ്തിട്ട് ‘എന്ന് ഇവിടെ അപ്പച്ചന്‍ പറയുന്നത് കേട്ടപ്പോള്‍ സത്യത്തില്‍ എനിക്കും വിഷമമായി
ഇനി ഒന്നും ചെയ്യുന്നില്ല എന്ന് പറയുമെങ്കിലും ഒരു കൃഷിക്കാരനും അവന്റെ വിളകളെ കണ്ടില എന്ന് നടിക്കാന്‍ ആവില്ല .അദ്വാനിക്കുന്നത് വെറുതെ എന്നറിഞ്ഞാലും അവന്‍ വീണ്ടും വീണ്ടും അതിനെ പരിപാലിച്ചു കൊണ്ടേ ഇരിക്കുന്നു .

ഇനി റബ്ബറിന്റെ കാര്യം എടുത്താലും ഗതി ഇത് തന്നെ .. വെട്ടുന്നവന് കൂലി കൊടുത്താല്‍ പിന്നെ ഉടമസ്ഥന് കാര്യമായി ഒന്നും കിട്ടാന്‍ ഇല്ലാത്തത് കൊണ്ട് പലരും പകുതിക്ക് വെട്ടാന്‍ ആണ് കൊടുത്തിരിക്കുന്നത് ..പത്തു ഷീറ്റ് കിട്ടിയാല്‍ അഞ്ചെണ്ണം അയാള്‍ക്കും അഞ്ചെണ്ണം ഉടമസ്ഥനും ..പക്ഷെ അതും ഇപ്പോള്‍ കടയില്‍ എടുക്കുന്നില്ല .. ചരക്കുമായി വരുന്നവന് കൊടുക്കാന്‍ കാശില്ല .

കാശില്ലങ്കില്‍ ചെക്ക് കൊടുത്തൂടെ എന്ന ന്യായം പറയാം .പക്ഷെ .. ഭൂരിഭാഗം പേരും വെറും സാധാരണക്കാര്‍ ആണ് ..അഞ്ചോ ആറോ കിലോ റബ്ബര്‍ ഷീറ്റും തലയില്‍ വെച്ച് ഒരു കൈലി മുണ്ടും ഉടുത്തു ഒരു തോര്‍ത്തും തോളത്തിട്ടു വന്നു അത് വിറ്റു കിട്ടുന്ന കാശുമായി റേഷന്‍ വാങ്ങി പോകാന്‍ വരുന്നവന്‍ ..അവനോടു ചെക്ക് തരാം എന്ന് പറഞ്ഞാല്‍ എന്താ കഥ ..വീണ്ടും വീട്ടില്‍ പോയി വേഷം മാറി ബസില്‍ കയറി അഞ്ചു കിലോമീറ്റര്‍ ദൂരത്തു പോയാലേ ബാങ്കുള്ളൂ…

ഇപ്പൊ പിന്നെ റേഷന്‍ കടയിലും ഒന്നുമില്ല ..അരിയും ഗോതമ്പും ഒന്നും .അത് കൊണ്ടെന്താ പുറത്തു നിന്ന് വാങ്ങുന്ന അരിക്ക് കിലോപ്പുറത്തു അഞ്ചു മുതല്‍ പത്തു വരെ രൂപ കൂടി… ഇരുപത്തിനാലായിരം രൂപ ബാങ്കില്‍ നിന്ന് കിട്ടും എന്ന് പറയുമ്പോള്‍ ബാങ്കില്‍ ഇരുപത്തി നാലായിരം രൂപ ഉണ്ടാവണം എന്നും അതിന് ഒരു അര്‍ഥം ഉണ്ട് .

അന്നന്നു കിട്ടുന്നത് കൊണ്ട് കഞ്ഞി വെച്ച് കഴിയുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് എവിടുന്നാ ഇത്രയും തുക നീക്കിയിരുപ്പ് ഉണ്ടാവുന്നത് .മര്യാദക്ക് ഒരു മൊബൈല്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത പാവം കൃഷിക്കാര്‍ എങ്ങനെ ഡിജിറ്റല്‍ ആകും ന്നാ പറയുന്നേ ..ആവോ എനിക്കൊന്നും അറിയില്ലേ ? ഒന്ന് പറയാം ..കൃഷിക്കാര്‍ തകര്‍ന്നു കഴിഞ്ഞു .

കയ്യില്‍ കാശില്ല എങ്കില്‍ അവര്‍ പറമ്പില്‍ എങ്ങനെ പണിക്കാരെ നിര്‍ത്തും . അത് കൊണ്ട് തന്നെ അവരെ ആശ്രയിച്ചു കഴിയുന്നവരും താഴേക്കു പൊയ്‌ക്കൊണ്ടിരിക്കുന്നു ..ഇത് അടുത്ത വിളവിനെ ബാധിക്കും അപ്പോഴും നഷ്ട്ടം കൃഷിക്കാരന് തന്നെ. പട്ടാളക്കാരുടെ കഷ്ട്ടപാടിനെ കുറിച്ച് പറയുന്നത് കേട്ടു. എനിക്ക് അഞ്ചു പൈസ ശമ്പളം വേണ്ടാ ഞാന്‍ രാജ്യ സേവനം ചെയ്‌തോളാം എന്ന് ഒറ്റ പട്ടാളക്കാരനും ഇത് വരെ പറഞ്ഞിട്ടില്ലല്ലോ .

കള്ള പണക്കാരെ പിടിക്കാന്‍ ഉണ്ടാക്കിയ നോട്ട് നിരോധനം ..എന്നിട്ട് കള്ള പണക്കാരെ ഒക്കെ പിടിച്ചോ ആവോ ?ബാങ്കില്‍ കാശില്ല എന്ന് പറയുമ്പോഴും അവിടുന്നും ഇവിടുന്നും ഒക്കെ രണ്ടായിരത്തിന്റെ കെട്ടുകണക്കിന് നോട്ടുകള്‍ പിടിക്കുന്നുണ്ട് ..എന്തരോ എന്തോ ?
വാല്‍ക്കഷ്ണം എന്റെ കയ്യില്‍ കാശൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ ഇന്ന് ബാങ്കില്‍ നിന്ന് അയ്യായിരം രൂപ എടുത്തു ജോയിന്റ് അക്കൌണ്ട് ആയതു കൊണ്ട് പണ്ടാരം പിടിക്കാന്‍ മെസേജ് അങ്ങേരുടെ ഫോണിലേക്ക് ചെന്നു.

ആ നിമിഷം എനിക്ക് വിളി വന്നു ‘എന്തിനാടീ ഇപ്പൊ കാശേടുത്തെ ?’
എന്റെ കയ്യിലെ കാശ് തീര്‍ന്നു ..വൈകിട്ട് വരുമ്പോള്‍ ഇഷ്ട്‌ടോള്ളത് ഒക്കെ ഉരുട്ടി ഉരുട്ടി മുണ്ങ്ങണങ്കിലെ വല്ലതും വാങ്ങണമെങ്കില്‍ കാശില്ലാതെ പറ്റൂല്ലാ ‘ ന്ന് ഞാന്‍. ‘ഉള്ളത് കൊണ്ട് ജീവിച്ചാല്‍ മതി. കഞ്ഞി വെച്ച് തേങ്ങാ ചമ്മന്തീം അരയ്ക്ക് ഇനി അത് തിന്നു കഴിഞ്ഞാ മതി അമ്മേം മക്കളും’ എന്ന് കെട്ട്യോന്റെ ഉപദേശം.

മാസത്തില്‍ രണ്ടു സിനിമ, ഇടക്കൊക്കെ സര്‍ക്കീട്ട്, പുറത്തു നിന്ന് ഭക്ഷണം ഒക്കെ നിന്ന് പോയി.. ഈ നോട്ട് നിരോധനം കാരണം
പണ്ടൊരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ട് ‘ എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക് ..അതിനിടയില്‍ കിടന്നു പാറ്റാ കാഷ്ട്ടം ഉണങ്ങുന്നത് എന്തിനാ ന്ന്’

അത് കൊണ്ട് എന്റെ ചോദ്യം ഇതാണ്, ‘മോഡിജി കള്ളപ്പണക്കാരെ പിടിക്കാന്‍ പോകുന്നതിനു ഞാനും എന്റെ മക്കളും എന്തിനാ ഞങ്ങള്‍ടെ ഇഷ്ട്ടങ്ങള്‍ വേണ്ടാന്നു വെക്കുന്നത്?’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.