1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2024

സ്വന്തം ലേഖകൻ: മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.

ചെങ്കോല്‍, ഈ പുഴയും കടന്ന്, ഒരു മറവത്തൂര്‍ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

ചെന്നൈയില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മേഘനാഥന്‍, കോയമ്പത്തൂരില്‍നിന്ന് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും നേടിയിരുന്നു. തുടര്‍ന്നാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. 1983-ല്‍ പുറത്തിറങ്ങിയ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത അസ്ത്രമാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം.

നാല്‍പ്പതുകൊല്ലത്തോളം നീണ്ട അഭിനയജീവിതത്തില്‍ അന്‍പതില്‍ അധികം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാഥന്‍, പില്‍ക്കാലത്ത് കാരക്ടര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞിരുന്നു. കടലോളം എന്ന മ്യൂസിക്കല്‍ ഹ്രസ്വചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

നടന്‍ മേഘനാഥന്റെ മരണത്തില്‍ അനുശോചിച്ച് താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹന്‍ലാല്‍ സ്മരിച്ചു. മേഘനാഥന് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പ്രിയപ്പെട്ട മേഘനാഥന്‍ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥന്‍. പഞ്ചാഗ്‌നി, ചെങ്കോല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലെഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.