![](https://www.nrimalayalee.com/wp-content/uploads/2021/09/Malayalam-Actor-Rizabawa-passed-away.jpg)
സ്വന്തം ലേഖകൻ: അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ നായകനായി അഭിനയിച്ച് പിന്നീട് ഒട്ടനവധി സിനിമകളിൽ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ തോപ്പുംപടി സ്വദേശിയായ നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു.
ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് സിനിമാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ അമ്മച്ചിയുടെ നിധികള്‍ അടങ്ങിയ ആ പെട്ടി തേടി എത്തുന്ന വില്ലനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു.
മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ് എന്ന അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രം. മലയാളത്തിലെ സുന്ദരവില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളിൽ ഇതിനകം റിസബാവ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ ഒട്ടനവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡോക്ടർ പശുപതി, ഇൻ ഹരിഹർനഗർ, ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്‍റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി തുടങ്ങിയ സിനിമകൾ അദ്ദേഹം അഭിനയിച്ചവയിൽ ചിലതാണ്.
മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി, വൺ എന്നീ സിനിമകൾ ചെയ്തു. എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല