സ്വന്തം ലേഖകൻ: മലയാള സിനിമയിൽ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിൽ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. പ്രാഥമിക ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായിക അഞ്ജലി മേനോൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. പുതിയ സിനിമ സംസ്കാരം രൂപീകരിക്കുമെന്നും വാഗ്ദാനമുണ്ട്. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.
നേരത്തെ, നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ‘ഫെഫ്ക’യിൽനിന്ന് സംവിധായകൻ ആഷിക് അബു രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് രാജി വെച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തിയതെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല