സ്വന്തം ലേഖകൻ: സിനിമ റിവ്യൂ ബോംബിങിനെതിരേ കൊച്ചിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയിലാണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. യൂട്യൂബ്, ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളടക്കം ഒൻപത് പേർക്കെതിരേയാണ് കേസ്. റിവ്യൂ ബോംബിങിനെതിരേ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്.
റാഹേൽ മകൻ കോര എന്ന ചിത്രം ഒക്ടോബർ പതിമൂന്നിനായിരുന്നു റിലീസ് ചെയ്തത്. എന്നാൽ ചിത്രം റിലീസ് ആകുന്നതിന് മുമ്പ് ഏഴാം തീയതിയോട് കൂടി തന്നെ ചിത്രം മോശമാണെന്ന തരത്തിൽ റിവ്യൂകൾ വന്നിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് സിനിമ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
ചിത്രവുമായി ബന്ധപ്പെട്ട് നെഗറ്റീവ് റിവ്യൂ നൽകിയ വിവിധ യൂട്യൂബ് ചാനലുകൾ, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്കെതിരേയാണ് സംവിധായകൻ പരാതി നൽകിയിരിക്കുന്നത്. കേസിലെ എട്ടും ഒൻപതും പ്രതികളായ യൂട്യൂബും ഫെയിസ്ബുക്കും മറ്റ് പ്രതികളുടെ കുറ്റകരമായ പ്രവർത്തികൾ പ്രചരിപ്പിക്കുന്നതിന് അനുവാദം നൽകിയെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
അതേസമയം തന്റെ സിനിമ റിലീസായി ഒരു മണിക്കൂറാകുമ്പോൾ തന്നെ നെഗറ്റീവ് റിവ്യൂ കൊടുക്കുകയും അതിൽ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ടെന്നും ഇത് മലയാള സിനിമ വ്യവസായത്തെ തകർക്കുന്നതാണെന്നും സംവിധായകൻ ഉബൈനി ഇബ്രാഹിം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. എല്ലാത്തിനെതിരേയും നെഗറ്റീവായി പറഞ്ഞാൽ അതിനെതിരേ പ്രതികരിക്കാനാളില്ലെന്ന് കണ്ടാൽ ഇതൊരു തെരുവ് യുദ്ധമായി മാറുമെന്നും സിനിമ റിവ്യൂ ബോംബിങിന് കടിഞ്ഞാണിടണമെന്നും അദ്ദേഹം പറഞ്ഞു.
റിലീസായ ഉടനെ വ്യാപകമായി നെഗറ്റീവ് റിവ്യൂ ഇട്ട് സിനിമകളെ തകർക്കാൻ ശ്രമിക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിനിമ നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമാണെന്നും ഇത്തരത്തിലുള്ള ‘റിവ്യൂ ബോംബിങ്’ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമർശിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റിവ്യൂ ബോംബിങ്ങിന്റെ പേരിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
അടുത്ത കാലത്തായി മലയാള സിനിമ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് തിയേറ്ററുകളിൽ ആളുകയറുന്നില്ല എന്നത്. അത്രയേറെ തിയേറ്റർ അനുഭവം നൽകുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴികെ ബാക്കിയെല്ലാത്തിനേയും പ്രേക്ഷകർ നിഷ്കരുണം തള്ളിക്കളയുകയാണ്. എന്താണതിന് കാരണം? ഈ ചോദ്യത്തിന് സിനിമാ പ്രവർത്തകർക്കിടയിൽ നിന്ന് വരുന്ന പ്രധാന ഉത്തരം റിവ്യൂകൾ എന്നാണ്. സിനിമ റിലീസാവുന്ന ദിവസം ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾത്തന്നെ വരുന്ന നിരൂപണങ്ങളും യൂട്യൂബർമാരുടെ നിരൂപണങ്ങളും ഇതിലുൾപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല