തിരുവനന്തപുരം:മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കുന്നത് വിദേശമലയാളികള്‍ തമ്മിലുള്ള അസൂയയോ?. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മിടുക്കനെന്നു പേരുകേട്ട മന്ത്രി ഗണേഷ് കുമാറാണ് ഈ വിചിത്രമായ കണ്ടുപിടിത്തത്തിനുപിന്നില്‍. വിദേശ മലയാളികള്‍ തമ്മിലുള്ള അസൂയ മലയാള സിനിമയുടെ ഇന്റര്‍നെറ്റ് പതിപ്പിനുകാരണമാകുന്നുവെന്നാണ് മന്ത്രിയുടെ ഗവേഷണബുദ്ധി കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണം സഹിതമാണ് മന്ത്രി ഇത് വിശദീകരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമകള്‍ വിദേശത്തു വിതരണം ചെയ്യുന്ന വിദേശ മലയാളിയുടെ വീട് ഒരുപക്ഷേ നടന്‍ ചിലപ്പോള്‍ സന്ദര്‍ശിച്ചുവെന്നിരിക്കും. അതില്‍ അസൂയപൂണ്ട മറ്റൊരു വിദേശ മലയാളി, മമ്മൂട്ടിയുടെ പുതിയ സിനിമ ഇറങ്ങുമ്പോള്‍ വെബ്‌സൈറ്റില്‍ കൊടുക്കാന്‍ തുനിഞ്ഞാലോ? വിദേശത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്നതിനാല്‍ നാട്ടിലുള്ള യുവാക്കളെ കൊണ്ടാണു ചെയ്യിക്കുന്നത്. 6000 രൂപ കൊടുത്തു രണ്ടും മൂന്നും പടങ്ങളാണ് അവരെക്കൊണ്ടു കൊടുപ്പിക്കുക. ഒപ്പം അനുമോദനവും അറിയിക്കും. ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്-മന്ത്രി വിശദീകരിച്ചു.
വ്യാജ സിനിമയ്‌ക്കെതിരെയുള്ള വേട്ട ശക്തമാക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്കി. മലയാള സിനിമയ്ക്കു നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം നടപ്പാക്കാന്‍ ധനവകുപ്പിന്റെ അനുമതി കൂടി വേണം. തിയറ്ററുകളുടെ ക്ലാസിഫിക്കേഷനു സ്ഥിരം സമിതി വയ്ക്കും. പുതിയ തിയറ്ററുകള്‍ ക്ലാസിഫൈ ചെയ്യാന്‍ നിശ്ചിത ഫീസ് ഈടാക്കും. ഇത്തരം കാര്യങ്ങള്‍ക്കു സിനിമക്കാര്‍ തന്നെ പാര വയ്ക്കുകയാണെന്നതു സത്യമാണ്. 26 കൊല്ലമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് അതെല്ലാം അറിയാം. ടിവി അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമിയില്‍ ടിവിക്കു മാത്രമായി പ്രത്യേക വിഭാഗം തുടങ്ങും. മെഗാ സീരിയലുകള്‍ക്കു കൂടി എസ്എംഎസ് വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കും. ടിവി അവാര്‍ഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇപ്പോള്‍ ചിലര്‍ സിനിമ എടുത്തു ടിവി അവാര്‍ഡിനും സിനിമാ അവാര്‍ഡിനും നല്‍കുന്നുണ്ട്. ഇത് അവസാനിപ്പിക്കും. ഏതെങ്കിലും പ്രാദേശിക ചാനലില്‍ മാത്രം കാണിച്ച ടിവി പരിപാടി അവാര്‍ഡിന് അയയ്ക്കുന്നതും ശരിയല്ലെന്നും മന്ത്രി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല