സ്വന്തം ലേഖകന്‍: ‘പെറ്റ തള്ള സഹിക്കില്ല’, അന്യഭാഷാ ചിത്രങ്ങളുടെ മൊഴിമാറ്റം മലയാളികളുടെ ക്ഷമ പരീക്ഷിക്കുന്നു. വന്‍ വിജയം നേടിയ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറിയെത്തുന്നത് പതിവായതോടെ പുലിവാലു പിടിക്കുന്നത് ടെലിവിഷന്‍ പ്രേക്ഷകരാണ്. നിലവാരമില്ലാത്ത മൊഴിമാറ്റവും പഴയ കാല നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭാഷണങ്ങളും എത്ര ഗൗരവമുള്ള രംഗത്തേയും ചിരിക്കാനുള്ളതാക്കുന്നു.
തമിഴ് ചിത്രങ്ങളായ ‘തലൈവ’, ‘മങ്കാത്ത’ മാത്രമല്ല കടല്‍ക്കൊള്ളക്കാരന്‍ ജാക് സ്പാരോയുടെ ‘പൈറേറ്റ്‌സ് ഓഫ് കരീബിയയന്‍’ എന്ന ചിത്രവും മലയാളം പറഞ്ഞ് മിനി സ്‌ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ ചിരിച്ച് മണ്ണുകപ്പി. സോഷ്യല്‍ മീഡിയ ശക്തമായ ഈ കാലഘട്ടത്തില്‍ പരിഹാസങ്ങളുടെ ഇരയായി തീര്‍ന്നിരിക്കുന്നത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുകയും നിരവധി ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കുകയും ചെയ്ത സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ സാക്ഷാല്‍ കബാലിയാണ്.
മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ ചിത്രത്തെ ട്രോള്‍ കൊണ്ട് കൊന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസമാണ് മൊഴിമാറിയെത്തിയ കബാലിയെന്ന് നടന്‍ മുരളി ഗോപി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. സോഷ്യല്‍ മീഡിയ ട്രോള്‍ പേജുകളിലും കബാലി ട്രോളുകളുടെ പ്രളയമാണ്. ഉപജീവനത്തിനു വേണ്ടിയാണെങ്കിലും ഇത്തരം മൊഴിമാറ്റ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ചുകൂടെ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല