ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം. മൃതദേഹം തൃപ്രയാറിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞായറാഴ്ച പകല്‍ മൂന്നിന് പെരിങ്ങോട്ടുകരയിലെ വീട്ടുവളപ്പില്‍. പത്മരാജന് രചിച്ച് മോഹന്‍ സംവിധാനംചെയ്ത ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമ നിര്‍മിച്ച് 1980ലായിരുന്നു വിന്ധ്യന്റെ അരങ്ങേറ്റം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഹരികുമാര്‍ സംവിധാനംചെയ്ത ഒരു സ്വകാര്യം, അയാള്‍ കഥയെഴുതുകയാണ് (കമല്‍), ദൈവത്തിന്റെ മകന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (വിനയന്), തസ്കരവീരന് (പ്രമോദ് പപ്പന്), വടക്കുനോക്കിയന്ത്രം (ശ്രീനിവാസന്), ഒരേ കടല്‍, ഇലക്ട്ര, അരികെ (ശ്യാമപ്രസാദ്) എന്നീ സിനിമകള്‍ നിര്‍മിച്ചു. മമ്മൂട്ടി നായകനായി ശ്യാമപ്രസാദ് സംവിധാനംചെയ്യുന്ന ടാക്സി എന്ന ചിത്രത്തിന്റെ നിര്‍മാണജോലിക്കിടെയാണ് മരണം. വി കെ പ്രകാശ് സംവിധാനംചെയ്ത മുല്ലവള്ളിയും തേന്മാവും നിര്‍മിച്ചതോടൊപ്പം കഥയും തിരക്കഥയും സംഭാഷണവും രചിച്ചതും വിന്ധ്യനായിരുന്നു.
തുളസിദാസ് സംവിധാനംചെയ്ത ഉത്തരകാണ്ഡം, യതീന്ദ്രദാസിന്റെ ഒടുവില്‍ കിട്ടിയ വാര്‍ത്ത എന്നീ ചിത്രങ്ങളുടെ കഥയും വിന്ധ്യന്റെതായിരുന്നു. കേരള കഫേയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. തൃപ്രയാര്‍ പെരിങ്ങോട്ടുകര ഞാറ്റുപെട്ടിയില് പരേതനായ ബാലന്റെയും ശ്രീമതിയുടെയും മകനായ വിന്ധ്യന് ദീര്‍ഘകാലം എറണാകുളം കടവന്ത്ര ചിലവന്നൂര്‍ റോഡിലെ വീട്ടിലായിരുന്നു താമസം. ഭാര്യ: സോയ (തപാല്‍വകുപ്പ്, കൊച്ചി). മക്കള്‍: പുതുമ, നോവല്‍ (മുംബൈയിലെ വിസ്ലിങ് ഇന്റര്‍നാഷണലിലെ ഡയറക്ഷന്‍ കോഴ്സ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ദിനന്‍, ബീന, അഭയ, മീര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല