സൂപ്പര്‍ സ്‌റ്റാറുകളോ താരങ്ങളോ ഇല്ലെങ്കിലും സിനിമ വിജയിക്കുന്ന അവസ്ഥയിലാണ് മലയാള സിനിമയെന്ന് പ്രശസ്‌ത ഹാസ്യതാരം ജഗതി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. പ്രേക്ഷകര്‍ വളരെ സെലക്‌ടീവായി മാറിയിട്ടുണ്ട്. അതിനാലാണ് പുതുമുഖ താരങ്ങളുടെയും നവാഗതരായ സംവിധായകരുടെയും ചിത്രങ്ങള്‍ വാണിജ്യ വിജയം കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗതി ഇക്കാര്യങ്ങള്‍ പറഞ്ഞത്
പ്രേക്ഷകര്‍ തിരക്കഥാകൃത്തുക്കളെപ്പോലെയാണ്. അത്രമാത്രം സസൂക്ഷ്‌മമായാണ് അവര്‍ സിനിമ കാണുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം കണ്ടുമടുത്ത പ്രമേയങ്ങളുമായി എത്തുന്ന സിനിമയ്‌ക്ക് വിജയസാധ്യതയില്ലെന്നും ജഗതി പറഞ്ഞു. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എഡിറ്റിംഗ് സെന്‍സുണ്ട് എന്നതാണ് താന്‍ മനസിലാക്കിയ പുതിയ കാര്യമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സംഘടനകള്‍ ആവശ്യമാണെന്നും ജഗതിശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ സംഘടനകള്‍ അനാവശ്യമായി ഇടപെടുന്നതും വിലക്ക് ഏര്‍പ്പെടുത്തുന്നതും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരനെ വിലക്കുന്നത് യാതൊരു മാനദണ്ഡവും തത്വദീക്ഷയും കൂടാതെയാണ്. അതിന്റെ യാതൊരു ആവശ്യവുമില്ല. തൊഴില്‍ നഷ്‌ടപ്പെടുത്തുന്ന തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഉചിതമായ കാര്യമല്ലെന്നും ജഗതി പറഞ്ഞു. ആയിരത്തി നാന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച തനിക്ക് ഇതുവരെ മടുപ്പ് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ സിനിമയെയും പുതിയ നടന്‍ എന്ന തരത്തിലാണ് താന്‍ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സിനിമയും ആദ്യ സിനിമ എന്ന നിലയിലാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും ജഗതി ശ്രീകുമാര്‍ പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല