1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടുമാധ്യമപ്രവര്‍ത്തകര്‍ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിലെ പ്രതിയായ ജോബി ജോര്‍ജ് തടത്തിലിന്റെ യുകെയിലെ സ്‌റ്റേഷനറികടയില്‍ ദിവസക്കൂലിക്കു ജോലിചെയ്യുന്നു. മലയാളത്തിലെ ഒരു പ്രമുഖമാധ്യമത്തില്‍ ജോലിചെയ്തിരുന്ന ഇവര്‍ ദുരൂഹസാഹചര്യത്തില്‍ കേരളത്തില്‍ നിന്നും രണ്ടുമാസംമുമ്പാണ് അപ്രത്യക്ഷരായത്. വന്‍തുക ചെലവഴിച്ച് സ്റ്റുഡന്റ് വിസയില്‍ ഇരുവരും യുകെയിലേക്ക് വണ്ടികയറുകയായിരുന്നുവെന്ന് അടുത്തസഹപ്രവര്‍ത്തകര്‍ പോലും ഏറെവൈകിയാണ് അറിഞ്ഞത്. നോര്‍ത്ത് വെയില്‍സിലെ സര്‍വകലാശാലയില്‍ മുന്നുവര്‍ഷത്തെ കോഴ്‌സിനു ചേര്‍ന്ന ഇവര്‍ ഏകദേശം 35 ലക്ഷത്തോളം രൂപ ഫീസിനത്തില്‍ത്തന്നെ അടയ്ക്കണം.

ലണ്ടനിലും വെര്‍ക്‌സ്ഹാമിലും ഉള്‍പ്പെടെ അഞ്ചു കാമ്പസുകളുള്ള ഗ്ലെന്‍ഡര്‍ സര്‍വകലാശാലയില്‍ ബിരുദപഠനത്തിന് യുകെയിലെത്തിയെന്നാണ് രണ്ടുപേരുടേയും യാത്രാ രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിസിനസ് സ്റ്റഡീസില്‍ മൂന്നുവര്‍ഷത്തെ കോഴ്‌സിനാണ് രണ്ടു പത്രപ്രവര്‍ത്തകരും ചേര്‍ന്നിരിക്കുന്നത്. കേരളത്തിലെ ഇടത്തരം കുടുംബത്തില്‍പ്പെട്ട ഇരുവരും ഇത്രയുംതുക എങ്ങനെ സമാഹരിച്ചു എന്നത് ദുരുഹതയായി തുടരുകയാണ്. ആരാണ് ഇവരുടെ സ്‌പോണ്‍സര്‍മാരെന്നതു സംബന്ധിച്ചും ദുരൂഹത നിലനില്ക്കുന്നു. ഇത്രയുംതുക ചെലവഴിച്ച് പഠിക്കുന്നതിനുള്ള ശേഷി ഇവര്‍ക്കില്ലെന്നിരിക്കെ, രണ്ടുപേരുടേയും സ്‌പോണ്‍സര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവര്‍ മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ മേലധികാരികള്‍. മാന്യമായ തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയിരുന്ന ഇവര്‍ തട്ടിപ്പുസംഘത്തിന്റെ കെണിയില്‍പ്പെടുകയായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ടുമാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കോട്ടയം ആസ്ഥാനമായുള്ള പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന്റെ ചുമതല നിര്‍വഹിച്ചിരുന്നയാളാണ്.

കേരള പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസിലെ പ്രതിയായ ജോബി ജോര്‍ജിനുവേണ്ടി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ എഡിഷന്‍വഴി പ്രസിദ്ധപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇയാളെ മാനേജ്‌മെന്റ് താക്കീത് ചെയ്തിരുന്നു. ജോബിയുടെ തട്ടിപ്പുകള്‍ യുകെയിലെ മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നതോടെ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി ഓണ്‍ലൈന്‍ പത്രംതുടങ്ങുന്നതിനാണ് മാധ്യമപ്രവര്‍ത്തകരെ യുകെയിലെത്തിച്ചതെന്നാണ് വിവരം.തട്ടിപ്പുവീരനൊപ്പം യുകെയിലെ ഒരു ഏജന്റും ഇതിനു സഹായംചെയ്തു. ഇതിനുചുക്കാന്‍ പിടിച്ച് യുകെയിലെ മറ്റൊരു ഓണ്‍ലൈന്‍ പത്രമുടമയും കേരള കോണ്‍ഗ്രസ് നേതാവുമായ വ്യക്തിയും ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവും ജോബി ജോര്‍ജും തമ്മില്‍ ബിസിനസ് ഇടപാടുകളും നടക്കുന്നുണ്ട്. ഏതായാലും ജോബി ജോര്‍ജിനെതിരേ പ്രൊക്ലമേഷന്‍ വാറണ്ട് പുറപ്പെടുവിച്ചതിനുപുറമേ അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തതോടെ ഓണ്‍ലൈന്‍ പത്രമെന്ന ആശയം ഇവര്‍ ഉപേക്ഷിക്കുകയാണെന്നാണ് സൂചന.

ഇതോടെയാണ് മാധ്യമപ്രവര്‍ത്തകരെ കടയില്‍ ദിവസക്കൂലിക്ക് നിയോഗിക്കേണ്ടിവന്നിരിക്കുകയാണ്. വന്‍തുക മാസശമ്പളം വാഗ്ദാനംചെയ്ത് മാധ്യമപ്രവര്‍ത്തകരെ യുകെയിലെത്തിച്ച റിക്രൂട്ട്‌മെന്റ് ഏജന്റും കേരള കോണ്‍ഗ്രസിന്റെ യുകെയിലെ നേതാവുംചേര്‍ന്ന് ഗത്യന്തരമില്ലാതെ ഇവരെ തട്ടിപ്പുവീരന്റെ കടയില്‍ ദിവസക്കൂലിക്കാരാക്കുകയായിരുന്നു. ചതിക്കപ്പെട്ടുവെന്ന കാര്യം വ്യക്തമായെങ്കിലും സഹപ്രവര്‍ത്തകരോടുപോലും ഒരക്ഷരം ഉരിയാടാതെ യുകെയിലേക്കു പോയതിനാല്‍ ഇവിടെ എങ്ങനെയും പിടിച്ചുനില്‍ക്കണമെന്ന ദൃഡനിശ്ചയത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.