1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2015

സ്വന്തം ലേഖകന്‍: മലയാള ഭാഷാ ബില്‍ നിയമസഭ പാസാക്കി, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം ഇനി മലയാളം നിര്‍ബന്ധം. മലയാള ഭാഷാ വ്യാപനവും പരിപോഷണവും ബില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി മന്ത്രി കെ.സി. ജോസഫാണ് സഭയില്‍ അവതരിപ്പിച്ചത്.

അതേസമയം, ബില്‍ അവതരണവേളയില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ സഭയില്ലാത്തതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഈ സമയം മന്ത്രിസഭാ യോഗം ചേരുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രിയൊഴികെയുള്ള മന്ത്രിമാര്‍ സഭയില്‍ എത്തിയതിനെതുടര്‍ന്നാണ് പ്രതിപക്ഷ ബഹളം അവസാനിച്ചത്.

മലയാള ഭാഷാ ബില്‍ അനുസരിച്ച് ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റെഗുലേഷനുകളും മലയാളത്തിലാകണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്കു പരിഭാഷപ്പെടുത്തണം.

എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാകും. അതേസമയം, സ്‌കൂളിലോ ഹയര്‍ സെക്കന്‍ഡറിയിലോ ബിരുദപഠനത്തിലോ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനു മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ലോമയ്ക്കു തുല്യമായ പി.എസ്.സി പരീക്ഷ ജയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണു ബില്‍ പാസാക്കിയത്.

പി.എസ്.സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. കേന്ദ്രസര്‍ക്കാരുമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായും വിദേശരാജ്യങ്ങളുമായും മറ്റു സംസ്ഥാനങ്ങളുമായും ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. സംസ്ഥാനത്തെ ഭാഷ ന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലോ അവരുടെ ഭാഷയിലോ ആകുന്നതില്‍ തെറ്റില്ല.

മലയാള ഭാഷയല്ലാതെ മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന മലയാളികളല്ലാത്ത വിദ്യാര്‍ഥികളെ ഒന്‍പത്, പത്ത് ക്ലാസുകളിലും ഹയര്‍സെക്കന്‍ഡറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കും.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍ കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.