ലാപ്ടോപ്പില്‍ മതസംബന്ധിയായ വീഡിയോ ക്ലിപ്പിംഗ് സൂക്ഷിച്ചതിന് മാലിദ്വീപില്‍ മലയാളി അധ്യാപകനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഉളിക്കല്‍ മണിപ്പാറ സ്വദേശി കൊക്കാട്ട് ചെറിയാന്റെ മകന്‍ സിജോവി(29)നെയാണ് മാലിദ്വീപ് പൊലീസ് അറസ്റ്റ്ചെയ്തത്. മാലിദ്വീപ് റാഅറ്റോള്‍ റാഫെന്‍സിയിലെ ഫെന്‍സി സ്കൂളിലെ അധ്യാപകനാണ് സിജോ. മതപ്രചാരണം നടത്തി എന്ന കുറ്റമാണ് പൊലീസ് ഇയാളുടെ മേല്‍ ആരോപിച്ചിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മറ്റ് മലയാളി അധ്യാപകരുടെ മുറികളില്‍ പൊലീസ് റെയ്ഡ് നടത്തി.
സ്കൂള്‍ അധികൃതര്‍ മതപ്രചാരണം നടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് സിജോയുടെ ലാപ്ടോപ്പ് പരിശോധിക്കുമ്പോഴാണ് വീഡിയോ ക്ലിപ്പിംഗ് കണ്ടെത്തിയത്. സിജോയുടെ സഹപ്രവര്‍ത്തകരായ സാബു, ഷൈമോള്‍ വര്‍ഗീസ് എന്നിവരുടെ മുറികളിലും പൊലീസ് റെയ്ഡ് നടത്തി. ഇവരുടെ മുറിയില്‍ നിന്ന് ബൈബിളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും പൊലീസ് കണ്ടെടുത്തു. എന്നാല്‍ ഇവ സ്വന്തമായി പ്രാര്‍ത്ഥിക്കാന്‍ മാത്രം ഉപയോഗിക്കുന്നവയാണെന്ന് ഇവര്‍ വ്യക്തമാക്കി. പൊലീസ് ഇക്കാര്യം എഴുതി വാങ്ങിയതിന് ശേഷം ഇവരെ വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് ഇവിടെയുള്ള മലായാളി അധ്യാപകര്‍ ഭീതിയിലാണ്.
സിജോവിന്റെ പെന്‍ഡ്രൈവിലുണ്ടായിരുന്ന ടീച്ചിംഗ് മെറ്റിരീയല്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തിയപ്പോള്‍ കൂടെ ക്രിസ്ത്യന്‍ ഭക്തിഗാനത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ലാപ്ടോപ്പില്‍ എത്തിയതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സിജോ തെറ്റുകാരനല്ലെന്നാണ് സ്കൂള്‍ മാനേജ്മെന്റിന്റെയും അഭിപ്രായം. എന്നാല്‍ പൊലീസ് കേസ് എടുത്തതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സിജോയുടെ ബന്ധുക്കള്‍ കേന്ദ്രമന്ത്രി വയലാര്‍ രവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല