സ്വന്തം ലേഖകന്‍: ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങുന്ന കേരള ഹൗസിനു മുന്നില്‍ കത്തിയുമായി പരിഭ്രാന്തി പരത്തി മലയാളി യുവാവ്. ചെട്ടിക്കുളങ്ങര സ്വദേശിയായ വിമല്‍ രാജ് ആണ് കത്തിയുമായി കേരള ഹൗസിനുമുന്നിലെത്തിയത്. സുരക്ഷാ സേനയുടെ സമയോചിത ഇടപെടലിലൂടെ യുവാവിന്റെ കൈയ്യില്‍നിന്ന് കത്തി പിടിച്ചുവാങ്ങി.
രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു.
ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പെടുത്തുകയും ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല