സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ പട്ടാപ്പകല്‍ മലയാളിക്ക് നേരെ ആക്രമണം, പാലക്കാട് സ്വദേശി പരുക്കേറ്റ് ആശുപത്രിയില്‍. മന്‍ഹാട്ടനിലെ ഹാര്‍ലമിലാണ് ഗാര്‍ഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനു നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച സുനില്‍ കുമാറും ഭാര്യയും നാലു വയസുള്ള മകളും കൂടി ടാക്‌സിയില്‍ മകളുടെ സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടിക്കു പോകുമ്പോഴായിരുന്നു സംഭവം.
തൊട്ടു മുന്‍പില്‍ ഒരാള്‍ കാറില്‍ നിന്നു ഗാര്‍ബേജ് അവരുടെ മുന്നിലേക്ക് എറിഞ്ഞതാണ് പ്രശ്‌നങ്ങലുടെ തുടക്കം. സുനിലിന്റെ ഭാര്യ അതു ചോദ്യം ചെയ്തതോടെ ആക്രമി കാറില്‍ നിന്നു വാട്ടര്‍ ബോട്ടിലും മറ്റും വലിച്ചെറിഞ്ഞ് പുറത്തേക്കു ചാടി.ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുനില്‍ കുമാര്‍ മുന്നോട്ടു വരികയും ഇരുവരും തമ്മില്‍ ഉന്തും തള്ളുമാകുകയും ചെയ്തു.
പിടിവലിക്കിടെ ആക്രമി അടുത്തു കിടന്ന ഇരുമ്പിന്റെ ഗാര്‍ബേജ് കാന്‍ പൊക്കിയെടുത്ത് സുനില്‍ കുമാറിനെ ഇടിച്ചിടുകയായിരുന്നു. നിലത്ത് വീണ സുനില്‍ കുമാറിന്റെ കാലിലും കയ്യിലും പരിക്കേറ്റു. ഫിഫ്ത് അവന്യുവില്‍ 127 മത്തെ സ്ട്രീറ്റിലാണു സംഭവം. ആളുകള്‍ എല്ലാം കണ്ടുനിന്നതല്ലാതെ ആരും സഹായിച്ചില്ലെന്ന് സുനിലും കുടുംബവും പറഞ്ഞു. മൂന്നു മിനിട്ടിനുള്ളീല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആഫ്രിക്കന്‍ അമേരിക്കാരനായ അക്രമി കാറില്‍ കടന്നു കളഞ്ഞു.
തുടര്‍ന്നു ആംബുലന്‍സില്‍ ഹാര്‍ലം ഹോസ്പിറ്റലില്‍ എത്തിച്ച സുനിലിന് മുറിവും ചതവും അല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുവജന പ്രസ്ഥാനമായ യുവയുടെ നേതാവാണു സുനില്‍ കുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല