അമേരിക്കയിലെ കൊളറാഡോയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്നുപേര്‍ മരിച്ചു.ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശികളായ ബിനു ജോര്‍ജ് (38), ഭാര്യ അലിസ ജോര്‍ജ് (36) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
കൊളറാഡോ സ്പ്രിങ്‌സിലെ 1-25 ഹൈവേയുടെ ഫൗണ്ടന്‍ എക്‌സിറ്റിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടമെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്ന മൈക്കില്‍ റസലും (36) സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ട്രാഫിക് തെറ്റിച്ച് കാര്‍ ഓടിച്ചുവരികയായിരുന്ന ഇയാളെ അമേരിക്കന്‍ പൊലീസ് പിന്തുടരുമ്പോഴായിരുന്നു അപകടം. കൊളറാഡോയിലെ പ്യൂസ്ലോ വെസ്‌റ്റില്‍ സ്‌ഥിരം താമസക്കാരായ ദമ്പതികള്‍, ഇവിടുത്തെ ഒരു കമ്പനിയില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്‌തു വരികയായിരുന്നു.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷമായി. അലിസയുടെ കുടുംബം ചങ്ങനാശേരി പാറേല്‍ പള്ളിക്കു സമീപം തേവലശേരി. മാതാപിതാക്കളായ ചാക്കോ തോമസ്, റോസ് എന്നിവര്‍ ഫില്‍ഡല്‍ഫിയയിലാണു താമസം.പുളിങ്കുന്ന് കവലേച്ചിറ കെ.എക്‌സ്.ജോര്‍ജ്-റോസമ്മജോര്‍ജ് ദമ്പതിമാരുടെ മകനാണ് ബിനു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല