1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2022

സ്വന്തം ലേഖകൻ: മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് ഓസ്ട്രേലിയൻ പോലീസ്. 2019ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഡോക്ടറോട് പോലീസ് പരസ്യമായി മാപ്പു പറയുന്നത്.

മദ്യഷോപ്പില്‍ നിന്ന് റം മോഷണം പോയ കേസിലെ സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് 2019 മെയ് 15നാണ് മലയാളിയും ഡോക്ടറുമായ പ്രസന്നന്‍ പൊങ്ങണം പറമ്പിലിന്‌റെ ഫോട്ടോ ഓസ്‌ട്രേലിയന്‍ പോലീസ് ഫെയ്‌സ്ബുക്കില്‍ ഇടുന്നത്. മെയ് 15ന് ഫോട്ടോ ലോക്കല്‍ പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിട്ടുണ്ടായിരുന്നെങ്കിലും 16ന് ഒരു സുഹൃത്താണ് ഇക്കാര്യം വിളിച്ച് ശ്രദ്ധയില്‍പ്പെടുത്തുന്നത്.

ഉടന്‍ പേക്കന്‍ഹാം പോലീസ് സ്‌റ്റേഷനില്‍ മദ്യം വാങ്ങിയതിന്റെ റെസീപ്റ്റുമായി പോയെങ്കിലും വല്ലാത്ത മുന്‍വിധിയോടെയാണ് പോലീസ് പെരുമാറിയത്. മാത്രവുമല്ല റെസീപ്റ്റ് കാണിച്ചു കൊടുത്തിട്ടും കുറ്റവാളിയോടെന്ന പോലെ പോലീസ് പെരുമാറുകയായിരുന്നു. ഇതിനെതിരേ ഡോ. പ്രസന്നന്‍ നടത്തിയ നിയമ പോരാട്ടത്തിലാണ് രണ്ട് വര്‍ഷത്തിനിപ്പുറം പോലീസ് മാപ്പ് പറഞ്ഞിരിക്കുന്നത്. വിക്ടോറിയ ലാട്രോബ് റീജണല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ് പ്രസന്നന്‍.

പ്രസന്നനും ഭാര്യ നിഷയും കൂടി കോക്ക്‌ടെയില്‍ ഉണ്ടാക്കാനായി റം വാങ്ങാന്‍ പോയതായിരുന്നു. കാശടച്ച് റെസീപ്റ്റ് വാങ്ങിയ ശേഷം വീണ്ടും വില ഉറപ്പു വരുത്താനായി ചെന്നിരുന്നു. വില കൃത്യമാണെന്ന് മനസ്സിലായപ്പോള്‍ റം എടുത്ത് കാറില്‍ കയറി. എന്നാല്‍ കാശടച്ചില്ലെന്ന് തെറ്റിദ്ധരിച്ച് കടക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷോപ്പില്‍ മോഷണം നടന്നെന്നും സിസിടിവി ചിത്രത്തില്‍ കാണുന്നയാള്‍ മോഷണവുമായി ബന്ധപ്പെട്ട് പോലീസില്‍ ബന്ധപ്പെടണം എന്നുമുള്ള പോസ്റ്റ് എഫ്ബിയില്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭാര്യയുടെ സുഹൃത്ത് വിളിക്കുമ്പോഴാണ് അവർ സംഭവമറിയുന്നത്.

“കേട്ടപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ഇനി ഞങ്ങള്‍ കാശടിച്ചില്ലേ എന്ന് ഒരുവേള ഭയപ്പെട്ടു എന്നാല്‍ കാറില്‍ നിന്ന് റെസീപ്റ്റ് കിട്ടിയതോടെയാണ് ആശ്വാസമായത്”, പ്രസന്നന്‍ പറയുന്നു

എന്നാല്‍ റെസീപ്റ്റ് കാണിച്ചാല്‍ എല്ലാറ്റിനും പരിഹാരമാവുമെന്ന ആത്മവിശ്വാസത്തോടെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന പ്രസന്നന്‍ നേരിട്ടത് ചില മുന്‍വിധികളും കുറ്റവാളിയോടെന്ന പോലുമുള്ള പെരുമാറ്റവുമായിരുന്നു. മാത്രവുമല്ല പോലീസ് വാനിനു പിന്നിലെ കമ്പിയഴിക്കുള്ളില്‍ കുറ്റവാളികളെ ഇരുത്തുന്ന പോലെ നിലത്തിരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി.

എല്ലാം ബോധ്യപ്പെടുത്തി പെട്ടെന്ന് തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ചാണ് സ്റ്റേഷനിലേക്ക് പ്രസന്നനും ഭാര്യയും പോകുന്നത്. എന്നാല്‍ പോലീസ് കാറില്‍ കയറ്റിയതോടെ മനോവിഷമത്തിലായി. വല്ലാത്ത അപമാനവും മാനസ്സിക പ്രയാസവുമാണ് സംഭവം ഉണ്ടാക്കിയത്. അതിനാലാണ് നിയമപരമായി പോരാടാനുറച്ചതെന്നും ഡോക്ടര്‍ മാതൃഭൂമിയോട് പറഞ്ഞു.

റെസീപ്റ്റ് ഉണ്ടോ എന്ന ഒരൊറ്റ ചോദ്യത്തിലൂടെ പോലീസിന് പരിഹരിക്കാവുന്ന വിഷയത്തിലാണ് മുന്‍വിധിയോടെയുള്ള പെരുമാറ്റം ഡോക്ടറോട് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്.

“റെസീപ്റ്റ് നോക്കി ഷോപ്പില്‍ വിളിച്ച് ക്രോസ് ചെക്ക് ചെയ്താല്‍ മതിയായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. ആ പ്രത്യേക പോലീസുദ്യോഗസ്ഥന്‍രെ മുന്‍വിധി, ധാര്‍ഷ്ട്യം, വംശീയത എന്നിവ മൂലമൊക്കെയാവാം കുറ്റക്കാരന്‍ എന്ന തീര്‍പ്പിലെത്തിയപോലുള്ള പെരുമാറ്റമുണ്ടായത്. കുറ്റവാളിയോടെന്ന പോലെ പോലീസ് വാനിലിരുത്തിയാണ് കൊണ്ടുപോയത്. മാത്രവുമല്ല അവരീ കേസിനെ തെറ്റായ ദിശയിൽ കൈകാര്യം ചെയ്തു എന്നതാണ് നിയമനടപടിക്കൊരുങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്. റെസീപ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ടും അവര്‍ റെസീപ്റ്റ് ചോദിച്ചില്ല,” മാത്രമല്ല ഒരു മാസം കഴിഞ്ഞാണ് അവർ ആരോപണവിമുക്തനാക്കുന്നതെന്നും പ്രസന്നൻ കൂട്ടിച്ചേർത്തു.

കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാനും പോലീസിന്റെ ഭാഗത്തു നിന്ന് കാലതാമസമുണ്ടായി. 16ന് ഹാജരായി റെസീപ്റ്റ് കാണിച്ചെങ്കിലും 17നാണ് ഫോട്ടോ എടുത്തു മാറ്റിയത്. അപ്പോഴേക്കും കുറെയേറെ പേര്‍ ഷെയര്‍ ചെയ്ത് പോയിരുന്നു. മാത്രവുമല്ല അപമാനിക്കുന്ന കമന്റുകളും കുറെയേറെ നിറഞ്ഞിരുന്നു പോസ്റ്റിനടിയില്‍.

ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍ രജിസ്‌ട്രേഷന്‍ എല്ലാ വര്‍ഷവും റിവ്യു ചെയ്യണം. പൊതു സമൂഹത്തില്‍ നിന്ന് ഡോക്ടറെ കുറിച്ച് മോശമായ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായാല്‍ അത് പബ്ലിഷ് ചെയ്യും. ഡോക്ടറുടെ ചരിത്രം രോഗി അറിയണമെന്ന യുക്തിയില്‍ നിന്നാണ് ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസന്നനെയും കുടുംബത്തെയും കൂടുതൽ ആശങ്കയിലാക്കിയത്. മാനസ്സിക സംഘര്‍ഷമേറിയപ്പോള്‍ സൈക്കോളജിസറ്റിനെ കാണേണ്ടിയും വന്നു ഇവർക്ക്. ഈ സംഭവുമായി ബന്ധപ്പെട്ട് അന്ന് ലോക്കൽ പത്രങ്ങളിൽ വിശദമായ വാർത്ത വന്നിരുന്നു. പത്രങ്ങള്‍ ഡോക്ടര്‍ക്കനുകൂലമായാണ് വാര്‍ത്ത നല്‍കിയതെങ്കിലും കോവിഡ് കാരണം രണ്ട് വര്‍ഷം കേസ് നീണ്ടു പോയതും ആശങ്കയുണ്ടാക്കി.

വിക്ടോറിയ പോലീസ് പങ്കുവെച്ച ക്ഷമാപണ കുറിപ്പ്
ഒരു പക്ഷെ റെസീപ്റ്റ് കാറില്‍ നിന്ന് കിട്ടില്ലായിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഡോക്ടര്‍ പറയുന്ന മറുപടി ഇതാണ്, “ഗൂഗിള്‍ പേ വഴിയാണ് കാശടച്ചത്. രേഖയുണ്ടായിരുന്നു പക്ഷെ റസീപ്റ്റില്‍ കൃത്യമായ ഐറ്റം നമ്പര്‍ എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.മാത്രവുമല്ല എത്രകാശ് ചിലവായാലും ഒരു കാരണവുമില്ലാതെ പൊതുവിടത്തിൽ അപമാനിതനായതിനും മനുഷ്യാവകാശ ലംഘനം നടത്തിയതിനും പോരാടണമെന്നുറച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ പോലീസ് മുന്‍വിധിയോടെ പെരുമാറിയെന്നത് അന്താരാഷ്ട്ര തലത്തില്‍ അവരുടെ പേരിനെ ബാധിക്കുന്ന ഗതിയെത്തിയപ്പോഴാണ് പോലീസ് പ്രസന്നനുമായി സെര്റിൽമെന്റിനെത്തുന്നതും പരസ്യമായി മാപ്പ് പറയുന്നതും. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് Eyewatch – Cardinia Police Service Area എന്ന എഫ്ബി പേജിലൂടെ പോലീസ് ക്ഷ്മാപണം നടത്തിയത്. O’Brien Criminal & Civil Solicitors ലെ സ്റ്റിവാര്‍ട്ട് ഓകോണല്‍ ആയിരുന്നു പ്രസന്നന്റെ അഭിഭാഷകൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.