സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡില്‍ വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാസം കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ നില ഗുരുതരമായി തുടരുന്നു. ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടണു സമീപം വെയ്ക്കാറ്റോയില്‍ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ (വൈല്‍ഡ് ബോര്‍) മാംസം ഭക്ഷിച്ച മലയാളി കുടുംബാംഗങ്ങളാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് ഇറച്ചി കഴിച്ചയുടന്‍ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായത്. മാംസം കഴിക്കാതിരുന്ന കുട്ടികള്‍ ഭക്ഷ്യവിഷബാധയില്‍നിന്നും രക്ഷപ്പെട്ടു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായതോടെ ഒന്നും ഏഴും വയസുള്ള കുട്ടികള്‍ സുഹൃത്തുക്കളുടെ സംരക്ഷണയിലാണ്.
ചികിത്സയിലുള്ളവര്‍ക്ക് ഇവര്‍ക്ക് ബോട്യുലിസം ആണെന്നാണ് വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രി വക്താവ് നല്‍കുന്ന സൂചന. ക്യൂന്‍സിലാന്‍ഡിലെ സ്‌പെഷ്യലിറ്റി സെന്ററിലേക്ക് രോഗികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എന്നാല്‍ റിസള്‍ട്ട് കിട്ടാന്‍ ആഴ്ചകള്‍ എടുത്തേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ക്ലോസ്‌റീഡിയം ബോട്യുലീനിയം എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന വിഷബാധയാണ് ബോട്യുലിസം.
മൂവരും ഇപ്പോള്‍ ചെറിയ തോതിലെങ്കിലും ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയിരിക്കുന്നതാണ് ഡോക്ടര്‍മാരെ ആശ്വസിപ്പിക്കുന്നത്. ഭാര്യ സുബി ബാബുവിനെ ഹൈഡിപ്പെന്‍ഡന്‍സി വാര്‍ഡില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷിബുവും മാതാവ് ഏലിക്കുട്ടിയും ഐസിയുവിലാണ് ഉള്ളത്. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത അവസ്ഥയിലാണ് മൂവരും ഇപ്പോഴും. ചികിത്സയില്‍ പുരോഗതിയുണ്ടായാലും ഷിബുവും കുടുംബവും തിരികെ ജീവിതത്തിലേക്ക് വരാന്‍ ആറും മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല