1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2023

സ്വന്തം ലേഖകൻ: ഇറാനിലെ ജയിലിൽ 11 ദിവസമായി കഴിയുന്ന മലയാളികളടക്കമുള്ള മീൻപിടിത്തക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയില്ല. കേന്ദ്രവും കേരളവും പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബം. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജയിൽമോചനത്തിന് ശ്രമം നടത്തിയെങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല.

ജയിലിലായ മീൻപിടിത്തക്കാരുടെ കുടുംബങ്ങളെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യാഴാഴ്ച അഞ്ചുതെങ്ങ് മാമ്പള്ളിയിൽ സന്ദർശിച്ചിരുന്നു. പ്രശ്നത്തിൽ ഇടപെടുമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി ചർച്ചചെയ്ത് ജയിലിലായവരെ മോചിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി അറിയിച്ചതായി കുടുംബങ്ങൾ പറഞ്ഞു.

അജ്മാനിൽനിന്ന് കടലിൽപ്പോയ 11 പേർ ഈമാസം 18-നാണ് കാറ്റിൽ ബോട്ടിന്റെ ദിശമാറി ഇറാൻ അതിർത്തിക്കപ്പുറമെത്തി പിടിയിലായത്. ഏഴ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും സ്പോൺസറായ ഒരു യുഎഇ പൗരനുമാണ് 11 ദിവസമായി ഇറാൻ ജയിലിൽ കഴിയുന്നത്.

നിയമവിരുദ്ധമായി കടലതിർത്തി കടന്നെന്നാണ് ഇവരുടെമേൽ കുറ്റം ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ് (50), ആരോഗ്യരാജ് വർഗീസ് (43), സ്റ്റാൻലി വാഷിങ്ടൺ (43), ഡിക്സൺ ലോറൻസ് (46), ഡെന്നിസൺ പൗലോസ് (48), കൊല്ലം പരവൂർ സ്വദേശി ഷാഹുൽ ഹമീദ് ബദറുദ്ദീൻ (49), അടൂർ സ്വദേശി ഷംസീർ അബ്ദുൽ റഹ്മാൻ (49), തമിഴ്നാട് മധുര സ്വദേശി ജീവ റക്കു (22), നമ്പുതലൈ സ്വദേശികളായ പ്രദീശ്വരൻ പെരിയസ്വാമി (22), വസന്ത് അർബുത്കനി (23) എന്നിവരാണ് ജയിലിലടയ്ക്കപ്പെട്ട പ്രവാസി മീൻപിടിത്തക്കാർ. ‘ജെ.എഫ്. 40’ എന്ന ബോട്ടിലായിരുന്നു ഇവർ കടലിൽപ്പോയത്.

ഈമാസം 19-നാണ് ഇറാൻ പോലീസിന്റെ പിടിയിലായ വിവരം നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ചതെന്ന് ജയിലിലുള്ള സാജു ജോർജിന്റെ മകൾ നിമിഷ പറഞ്ഞു.

24-ന് സാജു ജോർജ് ജയിലിൽനിന്ന് കുടുംബത്തെ ഫോണിൽവിളിച്ച് വിവരങ്ങളെല്ലാം അറിയിച്ചിരുന്നു. ജയിലിൽ ദുരിതമാണെന്നും എത്രയുംപെട്ടെന്ന് മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനായി അധികൃതരെ സമീപിക്കണമെന്നും സാജു ജോർജ് കുടുംബത്തെ അറിയിച്ചിരുന്നു. ജയിലിലായവർക്ക് പരസ്പരം കാണാൻപോലും സാധിക്കാത്ത രീതിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും സാജു ജോർജ് പറയുന്നു.

അതിനുശേഷം വിളിച്ചിട്ടില്ലെന്നും നിമിഷ പറഞ്ഞു. ജയിലിലായ മലയാളികളുടെ ഭാര്യമാരായ ആഗ്‌നസ് രാജു, ജയാരാജ്, ടെൽമ ടെൻസൻ, അനിതാ സ്റ്റാലിൻ, ഷീജ ഡിക്സൻ എന്നിവർ കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, അടൂർ പ്രകാശ് എം.പി., നോർക്ക-റൂട്സ് അധികൃതർ എന്നിവർക്കെല്ലാം പരാതികൾ നൽകിയെങ്കിലും പരിഹാരമൊന്നുമായില്ലെന്ന് ടെൽമ ടെൻസൻ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.