സ്വന്തം ലേഖകന്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിനോദയാത്രയ്ക്കു പോയ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിഎംജി ജംക്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ് (43) ആണ് മരിച്ചത്. ഇവര്‍ സ!ഞ്ചരിച്ച കാര്‍ ട്രെയിലറിനു പുറകില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ നവോമി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
മറ്റു മക്കളായ അന, ഇവ എന്നിവര്‍ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ആന്‍സിയുടെ സംസ്‌ക്കാരം ശനിയാഴ്ച അമേരിക്കന്‍ സമയം രാവിലെ 10ന് അറ്റ്‌ലാന്റയില്‍. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെബ് ഡെവലപ്പ്‌മെന്റ് വിഭാഗം ഡയറക്ടായ എറണാകുളം കടവന്ത്ര വില്ലോത്ത് വിനോദിന്റെ ഭാര്യയാണ് ആന്‍സി. 24 ന് പുലര്‍ച്ചെ അറ്റ്‌ലാന്റയിലെ താമസ സ്ഥലത്തു നിന്ന് മക്കളുമൊത്ത് സൗത്ത് കാരലിനയിലെ ബീച്ചിലേക്ക് കാര്‍ ഓടിച്ചു പോകുമ്പോള്‍ അഗസ്തയിലായിരുന്നു അപകടം നടന്നത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആന്‍സി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഐസിയുവിലുള്ള മകള്‍ നവോമി അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കുടുംബം ജൂണ്‍ അഞ്ചിന് ഔദ്യോഗിക യാത്രയുടെ ഭാഗമായി നാട്ടിലേക്കു വരാനിരിക്കെയാണ് അപകടം. വിവരമറിഞ്ഞ് ആന്‍സിയുടെ മാതാപിതാക്കളായ തോമസ് വി.ജോസ്, ലാലി എന്നിവരും അമേരിക്കയിലെത്തിയിട്ടുണ്ട്. വിനോദും ആന്‍സിയും കുടുംബവും ഏറെക്കാലമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല