1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2017

 

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കരുതുന്ന കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം, മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്റെ മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ക്ക് കിട്ടിയതായും ഹഫീസുദ്ദീന്റെ മരണം സ്ഥിരീകരിച്ചതായുമാണ് റിപ്പോര്‍ട്ട്. തൃക്കരിപ്പൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിലെ അബ്ദുള്‍ റാഷിദിന്റെ സമൂഹ മാധ്യമത്തിലെ അക്കൗണ്ടില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് ഫോട്ടോ എത്തിയിട്ടുള്ളത്.

ഹഫീസുദ്ദീന്‍ ഉള്‍പ്പെടെ കാണാതായ 16 പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, ഫെബ്രുവരി 25 ന് അഫ്ഗാനിസ്ഥാനിലെ തോറബോറ മലനിരകളില്‍ ഉണ്ടായ വ്യോമാക്രമത്തില്‍ ഹഫീസുദ്ദീന്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു ഇത്തരത്തിലൊരു സന്ദേശം എത്തിയത്. എന്നാല്‍, മരണം സ്ഥിരീകരിക്കാന്‍ ബന്ധുക്കള്‍ക്കോ , അന്വേഷണ ഏജന്‍സികള്‍ക്കോ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി ബന്ധുക്കള്‍ നടത്തിയ ആശയ വിനിമയത്തിന് ഒടുവിലാണ് മൃതദേഹത്തിന്റെ ഫോട്ടോ ലഭിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുവെന്നായിരുന്നു ഫെബ്രുവരി 25 ന് ലഭിച്ച സന്ദേശം. പടന്നയിലെ പൊതു പ്രവര്‍ത്തകനായ പി സി റഹ്മാനായിരുന്നു സന്ദേശം ലഭിച്ചത്. ഹഫീസുദ്ദീനെ രക്തസാക്ഷിയായാണ് കാണുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കാണാതായ മറ്റ് മലയാളികളെ കുറിച്ച് വിവരമൊന്നുമില്ല.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.