സ്വന്തം ലേഖകന്‍: പാരീസില്‍ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പരിചയപ്പെട്ടിരുന്നതായി പിടിയിലായ മലയാളി ഭീകരന്. ഐഎസിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീനാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാഖില്‍ കഴിയുന്ന കാലത്താണ് സുബഹാനി പാരീസ് ആക്രമണം നടത്തിയ ഭീകരരായ സലാഹ് അബ്ദസ്ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദല്‍ ഹമീദ് അബാ ഔദ് പാരീസിലെ തീയറ്ററില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സലാഹ് അബ്ദസലാം ഫ്രഞ്ച് പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സുബഹാനി ഇറാഖിലേക്ക് കടന്നത്. നവംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഇയാള്‍ മാധ്യമങ്ങളിലൂടെയാണ് പാരീസ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. പാരീസ് ആക്രമണം നടത്തിയവരെ ഇറാഖ് സിറിയ എന്നിവടങ്ങളില്‍ വച്ച് പരിചയപ്പെട്ട കാര്യം അപ്പോള്‍ ഓര്‍ത്തുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഐ.എസ് ക്യാമ്പിലെ പരിശീലനത്തിന് ശേഷം മടങ്ങിയെത്തിയ സുഹബാനിയെ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആറിനാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എ ആവശ്യപ്പെട്ടത് പ്രകാരം സുബഹാനിയുടെ കസ്റ്റഡി ആറ് ദിവസം കുടി നീട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല